തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നവർക്കും എസ്‌എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കും മുന്നില്‍ ഭയന്നോടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്‌എൻഡിപിക്കെതിരായ വാളോങ്ങലില്‍ ഇനി മൗനം പാലിക്കാനാവില്ലെന്നും, തന്നെക്കാള്‍ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാള്‍ ഉണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗനാദം എഡിറ്റോറിയലിലാണ് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ മുന്നണികള്‍ക്കും എതിരെ വെള്ളാപ്പള്ളി നടേശൻ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചത്.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികള്‍ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലീം ലീഗ് ചിന്തിക്കുന്നത് എപ്പോഴും വർഗീയമായി മാത്രമാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാല്‍ ഈ പറയുന്ന കാര്യത്തിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരെയുള്ള കേസുകളെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കും വെള്ളാപ്പള്ളി മറുപടി നല്‍കി. വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ.ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി തനിക്കെതിരെ ഉയർന്നു വന്ന ഒരു കേസിലും ഇതുവരെ കോടതി വിധി വന്നിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ നിരവധി കേസുകള്‍ എസ്‌എൻഡിപി യോഗം നടത്തുന്നുണ്ട്. എന്നാല്‍ ഒരു കേസിലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചില ദൃശ്യമാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നത് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. കോടതിയില്‍ കേസ് തോല്‍ക്കുമ്പോള്‍ വഴിയില്‍ മൈക്ക് കെട്ടി ആക്ഷേപിച്ച്‌ ജയിക്കാനാണ് ചിലരുടെ ശ്രമം. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തിച്ചർച്ചകള്‍ കണ്ട് സമുദായാംഗങ്ങള്‍ ചിരിക്കുകയാണ്. ചാനല്‍ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമ്മമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം അധമ മാധ്യമപ്രവർത്തനത്തിന് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക