തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് രാഷ്ട്രീയം അടക്കിവാണിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചാണ് വിജയ്‌യുടെ പാർട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.

വൻ പരാജയത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണകക്ഷിയായിരുന്നപ്പോള്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതുപോലെ ശക്തമായ പ്രതിപക്ഷമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോരാടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകള്‍ കിട്ടി. ടിവികെയേക്കാള്‍ 17.43 ലക്ഷം വോട്ടുകള്‍ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്. വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഇത് ജനങ്ങള്‍ ഇപ്പോഴും ഡിഎംകെയില്‍ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പ്രവർത്തകർ അയക്കുന്ന ആശ്വാസ സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, അവർ കൂടെയുള്ളപ്പോള്‍ തനിക്കെന്ത് പേടിയെന്നും പ്രതികരിച്ചു. ഒന്നര കോടിയിലധികം വരുന്ന വോട്ടുകള്‍ സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ജയിച്ച എല്ലാ ഡിഎംകെ സ്ഥാനാർത്ഥികളും ഉടൻ തന്നെ മണ്ഡലങ്ങളില്‍ നേരിട്ടെത്തി വോട്ടർമാരോട് നന്ദി അറിയിക്കണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍ എന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

പെരിയാർ, അണ്ണാ, കലൈഞ്ജർ കരുണാനിധി എന്നിവരുടെ പാത പിന്തുടർന്ന് ഭാഷയ്ക്കും നാടിനും സംസ്കാരത്തിനും വേണ്ടിയുള്ള ദ്രാവിഡ രാഷ്ട്രീയ നിലപാട് തുടരുമെന്നും, ജനത്തെ പിന്നിലാക്കാതെ വീണ്ടും ജയിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ കൊളത്തൂരില്‍ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടിരുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള ഡിഎംകെ കോട്ടകളില്‍ ടിവികെ വൻ മുന്നേറ്റമാണ് നടത്തിയത്. ആകെ 234 സീറ്റുകളില്‍ ടിവികെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളിലൊതുങ്ങി. എഐഎഡിഎംകെ 47 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. പെരമ്പൂർ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ടിവികെ അധ്യക്ഷൻ വിജയ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഭരിക്കാൻ ആവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാൻ 10 സീറ്റുകള്‍ ഇനിയും ടിവികെയ്ക്ക് ആവശ്യമാണ്. ഇതിനായി മറ്റ് പാർട്ടികളുമായി ചേർന്ന് സഖ്യസർക്കാരിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെ ടിവികെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക