തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ല്‍ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്.
മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോല്‍വിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎല്‍എയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ല്‍ കൊളത്തൂരില്‍ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോള്‍ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാല്‍ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ പദവിയില്‍ നിന്ന് നീക്കിയിരുന്നു. സ്റ്റാലിന്റെ അനിഷ്ടത്തെത്തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയില്‍ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയില്‍ എത്തിയത്. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോള്‍ നിയമസഭയിലേക്ക് എത്തുന്നത്.
ജനനായകനായി വിജയ്
അതേസമയം തമിഴ്നാട്ടില്‍ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 234 സീറ്റുകളില്‍ 108 സീറ്റുകളില്‍ ടി വി കെ സ്ഥാനാർഥികള്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. ഡി എം കെ 60 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ എ ഐ എ ഡി എംകെ 65 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ ടി വി കെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡി എം കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡി എം കെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ കാണാനാവുന്നത്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോള്‍ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളില്‍ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കില്‍ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്.

















