നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജലി നായർ.എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് നടിയും ഭർത്താവും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
വിഷയവുമായി ബന്ധപ്പെട്ട് ഒന്നും അറിയാതെയാണ് പലരും പോസ്‌റ്റുകള്‍ ഇടുന്നതെന്ന് അഞ്ജലി കുറ്റപ്പെടുത്തി. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് രാഷ്‌ട്രീയത്തില്‍ ഇറങ്ങിയതെന്ന പരിഹാസങ്ങള്‍ക്കും താരം മറുപടി നല്‍കി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് രാഷ്‌ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്നും എല്ലാവരെയും വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത് പറയുന്നതെന്നും വിഡിയോയില്‍ താരം പറയുന്നു.
അഞ്ജലിയുടെയും ഭർത്താവിന്റെയും വാക്കുകള്‍
എല്ലാവർക്കും നമസ്ക്‌കാരം. ഒരു ചെറിയ കാര്യം പങ്കുവയ്‌ക്കാനാണ് ഞാൻ ഇപ്പോള്‍ വന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോള്‍ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങള്‍ എനിക്ക് വ്യക്‌തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകള്‍ ചെയ്തതെന്നും ഒന്നും വിചാരിക്കരുത് എന്നും പറഞ്ഞ് അവർ കാണിച്ച ആ ഒരു സ്നേഹം കണ്ടപ്പോള്‍ സത്യത്തില്‍ വലിയ സന്തോഷം തോന്നി. അവർക്കെല്ലാം എന്റെ ഉള്ളുനിറഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്. പക്ഷേ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിലർ പങ്കുവെക്കുന്ന ഒരു പോസ്‌റ്റ് കണ്ടു. അത് കുറച്ച് കടന്നുപോയി എന്ന് പറയാതെ വയ്യ. മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും എഴുതി വിടുമ്പോള്‍ കാര്യങ്ങള്‍ ഒന്ന് പഠിച്ചിട്ട് വേണമായിരുന്നു ചെയ്യാൻ. ആ പോസ്‌റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “ജയിപ്പിച്ച് എം.എല്‍.എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, 35 ലക്ഷം രൂപ ചെലവായി, പക്ഷേ 3500 വോട്ട് പോലും കിട്ടിയില്ല. ഒരുത്തനെയും ഞാൻ വെറുതെ വിടില്ല – അഞ്ജലി മേനോൻ’.
ആദ്യം തന്നെ പറയട്ടെ, ഇതില്‍ പറയുന്ന കണക്കുകള്‍ എവിടെ നിന്ന് കിട്ടിയതാണ്? 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? പിന്നെ ഈ 35 ലക്ഷത്തിന്റെ കഥ. രാഷ്‌ട്രീയത്തിലേക്ക് വരുന്നതിനും എത്രയോ കാലം മുൻപ് ഞാൻ ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു, ജീവിതത്തില്‍ പല സാഹചര്യങ്ങളിലായി പലരെയും ഞാൻ സഹായിച്ചിട്ടുണ്ടെന്നും അങ്ങനെ ഏകദേശം 35 ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു കിട്ടാനുണ്ടെന്നും. ആ പഴയ കാര്യം എടുത്ത് ഇപ്പോള്‍ ഇലക്ഷന്റെ തലയില്‍ കെട്ടിവെക്കുന്നത് എന്തിനാണ്? ഇലക്ഷന് വേണ്ടി ഞാൻ പൈസ കൊടുത്തു എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. എന്തിനാണ് ഇങ്ങനെ ഓരോ അസത്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത്? എല്ലാവരെയും വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത് പറയുന്നത്.
‘തോറ്റ എം.എല്‍.എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത്’ എന്ന് ചോദിച്ച് പലരും കമന്റ് ബോക്സില്‍ വരും എന്നറിയാം. പക്ഷേ, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. തോറ്റ എംഎല്‍എ എന്നു കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷം. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് രാഷ്‌ട്രീയത്തില്‍ വന്നത് എന്ന് ചിലർ പരിഹസിക്കുന്നത് കണ്ടു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ സിനിമകള്‍ ചെയ്‌തുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ രാഷ്‌ട്രീയത്തിലേക്ക് വന്നത്. അത് വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ വന്നത്. അതുകൊണ്ട് തന്നെ, ഒരു തിരഞ്ഞെടുപ്പില്‍ തോറ്റു എന്ന് കരുതി ഒരടി പോലും പിന്നോട്ട് വയ്‌ക്കാൻ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. സത്യം മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ എല്ലാവരും ശ്രമിക്കുകയെന്നും അഞ്ജലി പറഞ്ഞു.

















