മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ സലിം കുമാർ രംഗത്ത്. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സലിം കുമാർ കുറ്റപ്പെടുത്തി.പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ വേദിയില്‍ വി.ഡി. സതീശന് പിന്തുണയേകാൻ എത്തിയപ്പോഴായിരുന്നു നടന്റെ പരാമർശം.
അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതില്‍ അമേരിക്കയില്‍നിന്നും വന്ന ഒരാള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യൻ ആരായിരിക്കുമെന്നും അയാള്‍ എവിടെ ആയിരിക്കുമെന്നും സംശയം ഉയർന്നു. താൻ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാൻ പറ്റി. അയാള്‍ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയതെന്നായിരുന്നു സലീം കുമാറിന്‍റെ പരാമർശം.
മെസ്സി വരും മെസ്സി വരും എന്ന് തള്ളിയിട്ട് മെസ്സി വന്നില്ലെന്നും അദ്ദേഹം വരാതിരുന്നത് സ്വർണം കട്ടവരുടെ നാട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ ബാലൻദ്യോർ, ഗോള്‍ഡൻ ബൂട്ട് പുരസ്‌കാരങ്ങള്‍ മോഷ്ടിക്കും എന്ന് പേടിച്ചിട്ടാണെന്നും സലിം കുമാർ പരിഹസിച്ചു.
വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു വ്യവസായി മൂന്ന് ലക്ഷം കോടി മുടക്കുമെന്ന് അടുത്തിടെ പറയുകയുണ്ടായി. ആ വ്യവസായിയെ അന്വേഷിച്ച് ചെന്നപ്പോള്‍ അയാള്‍ ഊളംപാറയില്‍ ആ പയ്യൻ കിടക്കുന്ന അടുത്ത വാർഡിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണെന്നും സലീം കുമാർ പരിഹസിച്ചു.

















