പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കു പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ് സംവിധാനം എം.എല്‍.എ.ഹോസ്‌റ്റലിലും നിയമസഭയിലുമായി പ്രവര്‍ത്തിക്കുമെന്നു സൂചന.
എം.എല്‍.എ. ഹോസ്‌റ്റലില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിനായി ഒരു ക്വാര്‍ട്ടേഴ്‌സ് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. സ്‌പീക്കറെ സമീപിച്ചു. നിലവില്‍ സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് എം.എല്‍.എ. ഹോസ്‌റ്റലില്‍ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് അനുവദിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനും ബി.ജെ.പിക്കും നിയമസഭയിലും ഓഫീസ് അനുവദിച്ചു. അപേക്ഷ നല്‍കുന്ന മുറയ്‌ക്ക് മറ്റു പാര്‍ട്ടികള്‍ക്കും ഓഫീസ് നല്‍കേണ്ടിവരും.
നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സഭാ സമ്മേളനമില്ലാത്തപ്പോഴും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വിഭാഗം സ്‌റ്റാഫ് ഇവിടെയാണുള്ളത്. ഇതിനു പുറമേയാണ് എം.എല്‍.എ. ഹോസ്‌റ്റലില്‍ അധികമായി ഓഫീസ് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ സ്‌റ്റാഫില്‍ പകുതിയിലധികം ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു.ഇവര്‍ക്കു പ്രവര്‍ത്തിക്കാന്‍ നിലവില്‍ ഇടമില്ലാതെ വന്നതോടെയാണ് എം.എല്‍.എ. ഹോസ്‌റ്റലിലും ഓഫീസ് ചോദിച്ചത്.
കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണിക്കുശേഷമേ പിണറായി വിജയന്‍അവിടേക്കു മാറുകയുള്ളൂ. പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ് സംവിധാനം പൂര്‍ണമായി അവിടേക്കു മാറില്ലെന്നാണു സൂചന.

















