അന്തരിച്ച നടൻ സലിംകുമാറിന് സ്മാരകം പണിയാൻ സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ച തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ.ഖജനാവ് കാലിയാണെന്നും ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’ ആണെന്നും നമ്മളെ പഠിപ്പിച്ചവർ തന്നെയാണ് ഒരു നടന്റെ സ്മാരകത്തിനായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നതെന്ന് നിസാർ പറഞ്ഞു.

പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല സലിംകുമാറിന് സ്മാരകം പണിയേണ്ടത്. ഈ സ്മാരക പ്രഖ്യാപനത്തിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. പിണറായി വിജയനെയും എല്‍.ഡി.എഫ് സർക്കാരിനെയും ചീത്തവിളിച്ചതും കോണ്‍ഗ്രസുകാരനായതുമാണ് യോഗ്യതയെങ്കില്‍ കെ.പി.സി.സി.യാണ് സ്മാരകം നിർമ്മിക്കേണ്ടതെന്നും നിസാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സലിംകുമാറിനെ എല്ലാവർക്കും ഇഷ്ടമാണ്, തനിക്കും ഇഷ്ടമാണ്. ഒരു കലാകാരൻ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതിനെ ബജറ്റില്‍ തുക വകയിരുത്തി വലിയൊരു കാര്യമായി കൊണ്ടാടേണ്ടതില്ല.

സ്മാരകം കിട്ടണമെങ്കില്‍ കോണ്‍ഗ്രസുകാരനാവുകയും എറണാകുളത്ത് പോയി താമസിക്കുകയും വേണമെന്നുണ്ടോ? ഞാനും നല്ലൊരു കോണ്‍ഗ്രസുകാരനാണ് അങ്ങനെയെങ്കില്‍ എനിക്കും സ്മാരകം കിട്ടുമോ . തിരഞ്ഞെടുപ്പ് കാലത്ത് കമ്മ്യൂണിസ്റ്റുകാരെയും സർക്കാരിനെയും നന്നായി ചീത്തവിളിച്ചതും കോണ്‍ഗ്രസിനെ അനുകൂലിച്ചതുമാണ് സ്മാരകത്തിനുള്ള യോഗ്യതയെങ്കില്‍, അത് എറണാകുളം ഡി.സി.സി.യോ കെ.പി.സി.സി.യോ ഏറ്റെടുത്ത് ചെയ്യണമായിരുന്നു.

അവർ ഒരു സംഘടന രൂപീകരിച്ച്‌ ആർട്ടിസ്റ്റുകളെ ചേർത്താണ് സ്മാരകം പണിയേണ്ടത്. അതിന് ഒരു കോടിയല്ല, പത്ത് കോടി വരെ പിരിച്ചെടുക്കാൻ അവർക്ക് സാധിക്കും. അല്ലാതെ ഇതിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിസാർ പറഞ്ഞു.

തന്റെ പിതാവ് മാമുക്കോയ മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കോഴിക്കോട് നഗരത്തില്‍ ഒരു സ്മാരകം പോലും പണിയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും നിസാർ വ്യക്തമായ മറുപടി നല്‍കി. മരണസമയത്ത് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിറും സി.എം.പി. നേതാക്കളുമൊക്കെ സ്മാരകം പണിയുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ വെറുമൊരു പ്രതിമ പണിയുന്നതിനോട് തനിക്ക് താല്പര്യമില്ല.

അത് വെയിലത്തും മഴയത്തും കാക്ക കാഷ്ഠിക്കാന്‍ മാത്രമേ ഉപകരിക്കൂ. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ലൈബ്രറിയോ മറ്റ് സ്ഥാപനങ്ങളോ ഏതെങ്കിലും സംഘടനകള്‍ ചെയ്യുകയാണെങ്കില്‍ അതിനോട് മാത്രമേ യോജിക്കാനാകൂ എന്നും നിസാർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക