മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കടുത്ത ഭാഷയില്‍ പ്രതികരിച്ച് സി.പി.എം നേതാവ് പിണറായി വിജയൻ. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വയം പറഞ്ഞുകൊള്ളാമെന്നും, അതിനായി ആരും ‘വടിയും നീട്ടി’ പിടിച്ച് കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം ദേഷ്യത്തോടെ പ്രതികരിച്ചു.കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയ്ക്കിടെ കേരള ഹൗസില്‍ എത്തിയതായിരുന്നു പിണറായി വിജയൻ.
വിഴിഞ്ഞം വിഷയത്തില്‍ പാർട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവർത്തകർ പിണറായി വിജയനോട് അഭിപ്രായം തേടാൻ ശ്രമിച്ചപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്. ‘നിങ്ങളുണ്ടല്ലോ.. ഞാൻ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാൻ പറയും. വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല’, പിണറായി പറഞ്ഞു.
രാവിലെയും അദ്ദേഹം മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. കേരളാ ഹൗസില്‍നിന്നിറങ്ങി വാഹനത്തില്‍ കയറുന്നതിനിടെയായിരുന്നു ഇത്. മാധ്യമപ്രവർത്തകർ വാഹനത്തിന് അടുത്ത് തടിച്ചുകൂടിയപ്പോഴാണ് അദ്ദേഹം കയർത്തത്. ‘നിങ്ങള്‍ക്ക് ന്യൂസ് വേണം എന്നുവെച്ച് വാതിലടയ്ക്കേണ്ടേ’ എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.

















