പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാനയാത്ര മുടങ്ങിയതില്‍ പ്രതികരണവുമായി കേരള ഹൗസ് അഡിഷണല്‍ റെസിഡന്‍റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്.പ്രോട്ടോകോള്‍ വിഭാഗത്തിന്‍റെ വീഴ്ച ഉണ്ടായെന്നും വിഷയം ഗൗരവകരമായി കാണുന്നുവെന്നും അശ്വതി പറഞ്ഞു. ഈ വിഷയത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കും. അനുബന്ധ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും.
പ്രതിപക്ഷ നേതാവ് പുറപ്പെട്ടതിന് ശേഷം മാത്രമാണ് പ്രോട്ടോകോള്‍ ഓഫീസർ മടങ്ങാറുള്ളത്. അക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. വിമാനക്കമ്പനി, വിമാനത്താവള അധികൃതർ എന്നിവരുമായി ആശയ വിനിമയം സംബന്ധിച്ചുള്ള വീഴ്ചയാണ് സംഭവിച്ചത്. ഭാവിയില്‍ വീഴ്ച സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള ഹൗസ് അഡിഷണല്‍ റെസിഡന്‍റ് കമ്മീഷണർ പറഞ്ഞു.
പ്രോട്ടോകോള്‍ ഓഫീസർ, കണ്‍ട്രോളർ, അഡിഷണല്‍ റെസിഡന്‍റ് കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്ത ഇന്നത്തെ യോഗത്തിന് ശേഷമാണ് അശ്വതി ശ്രീനിവാസിന്‍റെ പ്രതികരണം. ഈ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം എഴുതി വാങ്ങിയിരുന്നു. തുടർന്നാണ് പ്രോട്ടോകോള്‍ വിഭാഗത്തിന്‍റെ ആശയവിനിമയത്തിലെ പിഴവാണ് കാരണമെന്ന് കണ്ടെത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്ന് അശ്വതി ശ്രീനിവാസ് പറഞ്ഞു.
ദില്ലി വിമാനത്താവളത്തില്‍ സമയത്ത് എത്തിയിട്ടും പിണറായി വിജയന്‍റെ യാത്ര മണിക്കൂറുകള്‍ വൈകിയത് കഴിഞ്ഞ ദിവസമാണ്. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തില്‍ കോഴിക്കോടേക്കാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനായില്ല. വി ഐ പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാൻ കഴിയാതെ പോയതിന്‍റെ കാരണം എന്നാണ് വിവരം. പിന്നീട് പിണറായി വിജയൻ മറ്റൊരു വിമാനത്തില്‍ കോഴിക്കോടേക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി വിജയൻ ദില്ലിയില്‍ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്നലെ മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.

















