മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന സ്റ്റേഷനുകളിലും പ്രവേശിക്കുന്നതിന് അധികൃതർ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്.
ജോലി ചെയ്യുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തില്‍ മനംനൊന്ത് ഒരു പെണ്‍കുട്ടി കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടർന്നതോടെയാണ് സർക്കാർ കർശന നടപടിയുമായി രംഗത്തെത്തിയത്.സംഭവദിവസം തന്‍റെ ജോലി കൃത്യമായി നിർവഹിച്ച ആ ജീവനക്കാരി കാറില്‍ ഇന്ധനം നിറച്ച ശേഷം പണത്തിനായി കാത്തുനില്‍ക്കുകയായിരുന്നു.എന്നാല്‍ മാന്യമായി പണം കൈമാറുന്നതിന് പകരം, കാറിനുള്ളിലിരുന്ന ഉടമ നോട്ടുകള്‍ പുറത്തേക്ക് വലിച്ചെറിയുകയും അത് ഓരോന്നായി പെറുക്കിയെടുക്കാൻ ആ സ്ത്രീയെ നിർബന്ധിക്കുകയും ചെയ്തു.
ആഡംബര വാഹനമായ മെഴ്സിഡസ് ബെൻസ് ജിഎല്‍ഇ ഓടിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരമൊരു താഴ്ന്ന പെരുമാറ്റം ആരും പ്രതീക്ഷിച്ചതല്ല. പണം പെറുക്കിയെടുത്ത ശേഷം തനിക്ക് നേരിടേണ്ടി വന്ന അവഹേളനത്തില്‍ ഹൃദയം തകർന്ന് ആ ജീവനക്കാരി കരയുന്നത് വീഡിയോയില്‍ വ്യക്തമാണ്.ഈ വീഡിയോ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഉടമയ്ക്കെതിരെ ഉയർന്നത്. ഇയാള്‍ ലഹരി വസ്തുക്കളുടെ സ്വാധീനത്തിലായിരുന്നോ അതോ മനഃപൂർവം ഒരാളെ അപമാനിക്കാൻ ശ്രമിച്ചതാണോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി.ഏതായാലും, സാധാരണക്കാരായ തൊഴിലാളികളോടുള്ള ഈ പെരുമാറ്റം വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ചൈനീസ് ഭരണകൂടം ഇതിലൂടെ നല്‍കിയിരിക്കുന്നത്.
പണമോ പദവിയോ ഉള്ളവർക്ക് എന്തുമാകാം എന്ന ധാരണ തിരുത്തുന്നതാണ് ഈ വിധി എന്ന് പലരും അഭിപ്രായപ്പെട്ടു. എല്ലാവരും തുല്യമായ ആദരവ് അർഹിക്കുന്നുണ്ടെന്നും ഇത്തരം നിയമങ്ങള്‍ ലോകത്തിന്‍റെ എല്ലാ കോണുകളിലും നടപ്പിലാക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതുവികാരം.കഠിനാധ്വാനികളെ ബഹുമാനിക്കാൻ പഠിക്കാത്തവർക്ക് ആഡംബരങ്ങള്‍ ആസ്വദിക്കാൻ അർഹതയില്ലെന്ന നിലപാടിലാണ് ചൈനയിലെ പ്രാദേശിക ഭരണകൂടം.മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ഏതൊരു ഭരണകൂടവും ചെയ്യേണ്ട നീതിപൂർവമായ നീക്കമാണിതെന്ന് ലോകം ഈ നടപടിയെ വിലയിരുത്തുന്നു.

















