മലയാളത്തിലെ പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഈമാസം തന്നെ ചാനല്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന. അനില്‍ അയിരൂര്‍ നയിക്കുന്ന, സുജയ പാര്‍വ്വതി നേതൃത്വം നല്‍കുന്ന ചാനലാണ് ലോഞ്ചിന് തയ്യാറെടുക്കുന്നത്. ചാനലിന്റെ ലോഗോ പ്രകാശനം ഇന്ന് കൊച്ചി മരടിലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെച്ചു നടന്നു.റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും പടിയിറങ്ങിയ സുജയ പാര്‍വ്വതിയെ ചീഫ് എഡിറ്ററാക്കി നിയമിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
സുജയ തന്നെയാകും ചാനലിന്റെ ഐക്കണ്‍ എന്ന് വ്യക്തമാക്കുന്നതാണ് ചാനല്‍ ലോഗോ ലോഞ്ചിലും നിഴലിച്ച കാര്യം. സുജയ ചീഫ് എഡിറ്ററായുള്ള പുതിയ പ്രമോയും പുറത്തുവിട്ടിട്ടുണ്ട്. ‘രണ്ട് പതിറ്റാണ്ട് നിന്ന മാധ്യമപ്രവര്‍ത്തനം എനിക്കെന്ത് കിട്ടും എന്ന് വിചാരിച്ചല്ലായിരുന്നു.. ആരെന്ന് അറിയാത്ത ആയിരങ്ങള്‍ക്ക് വേണ്ടായായിരുന്നു.. നിഷ്പക്ഷത എന്നാല്‍ മൗനമല്ല, അത് വാര്‍ത്തക്ക് പിന്നിലെ കരുത്താണ് ,ഐ ആം സുജയ പാര്‍വ്വതി, ചീഫ് എഡിറ്റര്‍ ബിഗ് ടിവി എന്നാണ് പ്രോമോയില്‍ വ്യക്തമാക്കുന്നത്.
ബിഗ് ടിവി ചാനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് റെഡ്ഡി വെന്നം, അനില്‍ അയിരൂരും, എഡിറ്റോറിയല്‍ ടീം അംഗങ്ങളും ചേര്‍ന്നാണ് ചാനല്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. ബിഗ് ടിവിയുടെ തെലുങ്ക് വാര്‍ത്താ ചാനല്‍ തുടങ്ങിയത് 2020ലാണ്. ഇതിന് ശേഷം കര്‍ണാടകത്തിലും ചാനല്‍ തുടങ്ങും. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനാണ് ലക്ഷ്യമെന്ന് വിജയ് റെഡ്ഡി പറഞ്ഞു.ഈമാസം സാറ്റലൈറ്റായി സംപ്രേക്ഷണം തുടങ്ങുന്ന ചാനല്‍ കുറച്ചുകാലം ഹൈദരബാദില്‍ നിന്ന് ആയിരിക്കും വാര്‍ത്താ സംപ്രേഷണം നടത്തുക. എറണാകുളം, മരടില്‍ വാടകക്കെടുത്തിരിക്കുന്ന ഓഫീസില്‍ ന്യൂസ് ഡസ്‌കിന്റെയും സ്റ്റുഡിയോ സംവിധാനങ്ങളുടെയും പണി തീരാത്തത് കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ വാര്‍ത്താ സംപ്രേഷണവും ന്യൂസ് ഡസ്‌കും ഹൈദരാബാദില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്.
വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ചാനലിലേക്ക് വന്നവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന പരിശ്രമങ്ങളെല്ലാം നടന്നുകഴിഢഞ്ഞു. ബിഗ് ടിവി കേരളത്തിന്റെ ഫൌണ്ടിങ്ങ് ഡയറക്ടര്‍ അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ കൃത്യമായ പ്ലാനോടെയാണ് ചാനല്‍ മുന്നോട്ടു പോകുന്നത്. റിപോര്‍ട്ടര്‍ ടിവി റീലോഞ്ച് ചെയ്ത ഘട്ടത്തിലും അടക്കം നിര്‍ണായക റോള്‍ അനില്‍ അയിരൂരിന് ഉണ്ടായിരുന്നു.അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ ചീഫ്‌എഡിറ്ററായി സുജയ പാര്‍വതിയും ന്യൂസ് ഡയറക്ടറായി വേണു ബാലകൃഷ്ണനും ആയിരിക്കും ബിഗ് ടിവിയെ നയിക്കുക. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്.വിജയകുമാര്‍, അസോസിയേറ്റ് എഡിറ്റര്‍ ജോഷി കുര്യന്‍, സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍മാരായ ലക്ഷ്മി പദ്മ, അപര്‍ണ കുറുപ്പ് എന്നിവരും സുജയ പാര്‍വതിക്കും വേണു ബാലകൃഷ്ണനും ഒപ്പം എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകും.

















