മുഖ്യമന്ത്രി പിണറായി വിജയന് ഊണിനൊപ്പം എ ക്ലാസ് മീൻ തന്നെ വേണമെന്നും ഒരിക്കല്‍ ജാഥയ്ക്കിടെ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര മീനായതിനാല്‍ പിണറായി പിണങ്ങി കഴിക്കാതെ പോയെന്നുമുള്ള മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന്റെ തുറന്നുപറച്ചില്‍ വിവാദത്തിലേക്ക്. അതിനു തൊട്ടടുത്ത ദിവസം പാറശാലയിലെ ഉച്ചഭക്ഷണത്തിന് നെയ്മീൻ കൊണ്ടുവന്നു കറിവച്ചാണ് പിണറായിയുടെ ചൂരമീൻ അതൃപ്തി പരിഹരിച്ചതെന്നും സി. ദിവാകരൻ തുറന്നടിച്ചു.ആത്മകഥയിലെയും അഭിമുഖത്തിലെയും പിണറായി വിജയന്റെ ഭക്ഷണപ്രിയത്വം ചൂണ്ടിക്കാട്ടിയുള്ള സി. ദിവാകരന്റെ പരാമർശങ്ങളാണു സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുന്നത്.
അതേസമയം ദിവാകരന്റെ പരാമർശങ്ങളെ തള്ളി മന്ത്രി വി. ശിവൻകുട്ടിയും സംഭവം നിഷേധിച്ച് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവൻ ആനന്ദനും രംഗത്തെത്തിയതോടെ വിവാദം മറ്റൊരു തലത്തിലായി. എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സി. ദിവാകരൻ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ കുട്ടിക്കാലത്തെ പരാധീനതകളും ഉച്ചഭക്ഷണം കഴിക്കാനില്ലാത്തതും അടക്കമുള്ള അനുഭവങ്ങള്‍ വിവരിച്ചതിന് പിന്നാലെയാണ് സി. ദിവാകരന്റെ ചൂരമീൻകഥയും നെയ്മീൻ കറിയും ചർച്ചയായത്.
എല്‍ഡിഎഫ് ജാഥയില്‍ പിണറായി ക്യാപ്റ്റനും താൻ വൈസ് ക്യാപ്റ്റനുമായ കാലത്തക്കുറിച്ചാണ് ദിവാകരന്റെ തുറന്നുപറച്ചില്‍. ജാഥ തിരുവനന്തപുരത്ത് എത്തിയ ദിവസം ആനത്തലവട്ടം ആനന്ദന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ആനത്തലവട്ടം അന്ന് വി.എസ്. അച്യുതാനന്ദനുമായി അടുപ്പം പുലർത്തുന്ന നേതാവായതിനാല്‍ ആതിഥ്യം തന്നെ പിണറായിക്ക് ഇഷ്ടപ്പെട്ടില്ല.ഉച്ചഭക്ഷണത്തിനായി ഇരിക്കുന്പോള്‍ മീൻ കഷണത്തില്‍ വിരല്‍ കൊണ്ട് അമർത്തിയ ശേഷം ഇത് എന്ത് മീനാണെന്ന് പിണറായി തന്നോട് ചോദിച്ചു. ചൂരയാണെന്നറിഞ്ഞ നിമിഷം അദ്ദേഹം കഴിക്കാതെ എഴുന്നേറ്റ് പോയി. അന്നത്തെ പാർട്ടി ജില്ല സെക്രട്ടറി സത്യനേശൻ അടുത്ത ദിവസം പുലർച്ചെ പാളയം മാർക്കറ്റിലെത്തി വലിയ നെയ്മീൻ വാങ്ങി പാറശാലയിലെ ഉച്ചഭക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു കറിവച്ചു നല്‍കിയാണ് പ്രശ്നം പരിഹരിച്ചതെന്നും ദിവാകരൻ പറഞ്ഞു.
അതേസമയം, വാരിവലിച്ചു കഴിക്കുന്ന ഏർപ്പാട് പിണറായി വിജയന് ഇല്ലെന്നും കുറച്ചു മാത്രമേ കഴിക്കാറുള്ളൂവെന്നും പറഞ്ഞു ന്യായീകരിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. പിണറായി ഭക്ഷണപ്രിയനാണോ എന്നു തനിക്കറിയില്ല. ചിലയാളുകള്‍ക്കു ചില മത്സ്യം ഇഷ്ടമുണ്ടാകും. ചിലത് ഇഷ്ടമാവില്ല. ഇതെല്ലാം വ്യക്തിപരമാണ്. താനും ചില മീനുകള്‍ കഴിക്കില്ല. ഇത്തരത്തില്‍ വ്യക്തിപരമായ ഇഷ്ടത്തെയും ഭക്ഷണ രുചിയെയും കുറിച്ചുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യേണ്ടതില്ല. പുസ്തകമാകുന്പോള്‍ എരിവും പുളിയുമൊക്കെ വേണ്ടേ . അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും ശിവൻകുട്ടി പറഞ്ഞു.

















