ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താചാനല്‍ രംഗത്ത് ഉണ്ടായിരിക്കുന്ന പ്രകമ്പനങ്ങള്‍ തുടരുന്നു. ബിഗ് ടിവി, ഇതര ചാനലുകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ റാഞ്ചാന്‍ തുടങ്ങിയതോടെ എല്ലാം മുന്‍നിര ചാനലുകളിലും വന്‍ കൊഴിഞ്ഞു പോക്കാണ് ഉണ്ടായിരിക്കുന്നത്. ബിഗ് ടിവിയുടെ വരവോടെ റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും മാതൃഭൂമി ന്യൂസുമാണ് വന്‍ തിരിച്ചടി നേരിട്ടത്. കുറെ ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസ് രാജിവെച്ചു.മീഡിയവണ്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയാണ് ജിമ്മി ജെയിംസിന്റെ മാറ്റം.

ട്വന്റി ഫോര്‍ ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് വിജയകുമാറും ഇന്ന് രാജ് വെച്ചു. മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റര്‍ മാതു സജിയും രാജിവച്ചു.റിപ്പോര്‍ട്ടര്‍ ടിവിയിലേക്കാണ് മാതുവിന്റെ വരവ്. സുജയ പാര്‍വതി ബിഗ് ടിവിയിലേക്ക് പോയതിന്റെ വിടവ് നികത്താനാണ് മാതുവിനെ ചാനലില്‍ എത്തിക്കുന്നത്. അപ്പോള്‍ ജിമ്മി ജെയിംസ് രാജിവെച്ചു. ഇതോടെ ജിമ്മിക്ക് പകരം ആളെ കണ്ടെത്തേണ്ട വിഷമ സന്ധിയിലാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വന്റി ഫോര്‍ന്യൂസ് വിടുന്ന എസ് വിജയകുമാര്‍ ബിഗ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയാണ് പോകുന്നത്. മലയാളം ചാനല്‍ രംഗത്തെ ഇളക്കിമറിച്ചു കൊണ്ടുള്ള ടിവിയുടെ വരവ് മീഡിയ വണ്‍ ചാനലിനെയും പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ബിഗ് ടിവിയും റിപ്പോര്‍ട്ട് ടിവിയും മാധ്യമ പ്രവര്‍ത്തകരെ റാഞ്ചിയെടുത്തപ്പോള്‍ വലിയ നഷ്ടം നേരിട്ട ട്വന്റി ഫോര്‍ ന്യൂസ് മീഡിയ വണ്ണില്‍ നിന്നാണ് പകരം ജേര്‍ണലിസ്റ്റുകളെ എടുത്തത്.ഉയര്‍ന്ന ശമ്പളം നല്‍കുന്ന ചാനലുകളില്‍ നിന്ന് ആളെ കിട്ടാത്തത് കൊണ്ട് താരതമ്യേന ശമ്പളം വളരെ കുറവായ മീഡിയ വണ്ണില്‍ നിന്നാണ് മറ്റ് ചാനലുകള്‍ക്ക് ജേര്‍ണലിസ്റ്റുകളെ ലഭിക്കുക.മീഡിയ വണ്ണില്‍ ലഭിക്കുന്നതിനേക്കാള്‍ അയ്യായിരമോ പതിനായിരമോ കൂട്ടിക്കൊടുത്താല്‍ മതി എന്നതാണ് സൗകര്യപ്രദമായ കാര്യം.

മീഡിയ വണ്ണില്‍ നിന്ന് പതിനഞ്ചോളം മാധ്യമ പ്രവര്‍ത്തകര്‍കര്‍ ഇതിനകം തന്നെ മറ്റ് ചാനലുകളിലേക്ക് പോയി കഴിഞ്ഞു.സ്വന്തം ചാനലില്‍ നിന്ന് രാജി വെക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കുന്ന ട്വന്റി ഫോറിലെ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നോട്ടീസ് പീരിയഡ് പോലും പാലിക്കാതെ ആണ് മീഡിയ വണ്ണില്‍ ആളുകളെ എടുക്കുന്നത്. പോകുന്നവരോട് ഒരു നീതിയും എടുക്കുന്നവരോട് മറ്റൊരു നീതിയും എന്നതിന്റെ കൃത്യമായ തെളിവാണിത്.വാര്‍ത്താചാനലുകളിലെ ഒന്നാമനായ ഏഷ്യാനെറ്റ് ന്യൂസിനും ബിഗ് ടിവിയുടെ വരവ് കുറച്ച്‌ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യന് പിന്നാലെ അതേ ബ്യൂറോയില്‍ നിന്ന് അശ്വിന്‍ പല്ലത്ത്, മലപ്പുറം റിപ്പോര്‍ട്ടര്‍ പ്രശാന്ത് നിലമ്പൂര്‍, ന്യൂസ് ഡെസ്‌കില്‍നിന്ന് കൃഷ്‌ണേന്ദു, മുംബൈ ബ്യൂറോ റിപ്പോര്‍ട്ടര്‍ ജയ്‌സണ്‍ മണിയങ്ങാട് എന്നിവര്‍ ഇതിനകം രാജിവച്ചു കഴിഞ്ഞു.കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ കെ.സി.ബിപിനും രാജിവെക്കാന്‍ ഇടയുണ്ട്.

ബിഗ് ടിവിയുടെ രംഗപ്രവേശം മുന്നിലെ ചാനലുകളെ എല്ലാം ഇളക്കിയെങ്കിലും കാര്യമായ കോട്ടം തട്ടാതെ ഇരിക്കുന്നത് മനോരമ ന്യൂസ് മാത്രമാണ്. മനോരമയില്‍ നിന്ന് ഇതുവരെ ശ്രദ്ധേയരായ ആരുംതന്നെ രാജിവെച്ചു പോയിട്ടില്ല.വിപണിയില്‍ മോഹവില എന്ന് പറയുന്നത് പോലെയുള്ള ഞെട്ടിപ്പിക്കുന്ന ശമ്പളം ഓഫര്‍ ചെയ്താണ് ബിഗ് ടിവി മുന്‍നിര ചാനലുകളില്‍ നിന്ന് ആളെ റാഞ്ചിയത്.റിപ്പോര്‍ട്ടുകളില്‍ നിന്ന് മലയാളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി ടിവിയിലെത്തിയ സുജയ പാര്‍വതിക്ക് ശമ്പളവും ആനുകൂല്യങ്ങളും അടക്കം പ്രതിമാസം 7 മുതല്‍ 8 ലക്ഷം വരെ ലഭിക്കും. 10 ലക്ഷം ശമ്പളം എന്നൊക്കെ പ്രചരണം ഉണ്ടെങ്കിലും അതൊന്നും വസ്തുതാപരമല്ല.രണ്ട് ലക്ഷം രൂപ ശമ്പളത്തിന് റിപ്പോര്‍ട്ടറിലെത്തിയ സുജാപാര്‍വ്വതിക്ക് ഇപ്പോള്‍ രാജിവെക്കുന്നതിന് മുമ്പ് മൂന്നര ലക്ഷത്തോളം രൂപ റിപ്പോര്‍ട്ടറില്‍ നിന്ന് പ്രതിമാസം ലഭിച്ചിരുന്നു. അതിന്റെ ഇരട്ടിയും ചീഫ് എഡിറ്റര്‍ പദവിയുമാണ് സുജയാ പാര്‍വതിക്ക് ബിഗ് ടിവിയില്‍ നിന്ന് ലഭിച്ച ഓഫര്‍.

ഏഷ്യാനെറ്റ് വിട്ട് ബിഗ് ടിവിയില്‍ എത്തിയ ജോഷി കുര്യന് രണ്ടര ലക്ഷം ശമ്പളം ലഭിക്കും.ന്യൂസ് മലയാളം 24×7 ല്‍ നിന്ന് ബിഗ് ടിവിയിലേക്ക് വന്ന ലക്ഷ്മി പത്മയ്ക്കും ന്യൂസ്18 ല്‍ നിന്ന് എത്തിയ അപര്‍ണ കുറുപ്പിനും രണ്ടര ലക്ഷത്തിലേറെ ശമ്പളമുണ്ട്. മോഹ ശമ്പളത്തിന് പുറമേ ഫേസ് വാല്യൂ ഉള്ള അവതാരകര്‍ക്ക് ജോയിനിങ് ബോണസ് എന്ന നിലയിലും വന്‍ തുക നല്‍കുന്നുണ്ട്.ജീവനക്കാര്‍ക്കും കുടുംബത്തിനും പുറമേ പ്രായമായ മാതാപിതാക്കള്‍ക്ക് കൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു നല്‍കുന്നതും ബിഗ് ടിവിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക