കൊച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാള്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് ‘സേത്തി ദാ ധാബ’ എന്ന പ്രശസ്തമായ ഭക്ഷണശാലയുടെ ഉടമ മൊഹീന്ദർ സിംഗ് സേത്തി തന്റെ മലയാളം പ്രാവീണ്യം പുറത്തെടുത്തത്.
പഞ്ചാബി വേഷവിധാനത്തില്‍ നില്‍ക്കുന്ന സേത്തി, മലയാളികളുടെ ഉച്ചാരണശുദ്ധിയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നത് കണ്ട പ്രേക്ഷകർ ശരിക്കും അത്ഭുതപ്പെട്ടുപോയി. മലയാളികള്‍ പഞ്ചാബി ഭക്ഷണത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം വളരെ സ്വാഭാവികമായാണ് മലയാളത്തില്‍ സംസാരിച്ചത്. പലരും ഇദ്ദേഹം “മലയാളികളെക്കാള്‍ വലിയ മലയാളിയാണല്ലോ” എന്ന് തമാശയായി കമന്റ് ചെയ്യുകയും അദ്ദേഹത്തിന്റെ സാംസ്കാരികമായ ഇഴുകിച്ചേരലിനെ അഭിനന്ദിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഈ വീഡിയോ എക്സില്‍ (X) പങ്കുവെച്ചതോടെയാണ് ഇത് കൂടുതല്‍ വൈറലായത്. കേരളത്തില്‍ ജനിച്ച് വളർന്ന വ്യക്തിയായതുകൊണ്ട് അദ്ദേഹത്തിന് മലയാളം നന്നായി വഴങ്ങുന്നതില്‍ അത്ഭുതമില്ലെന്നും, എങ്കിലും അദ്ദേഹത്തിന്റെ വേഷവും സംസാരവും തമ്മിലുള്ള ആ ഒരു വ്യത്യാസം കാണാൻ രസമുണ്ടെന്നും തരൂർ കുറിച്ചു. ഇന്ത്യയുടെ ‘വൈവിധ്യത്തിലെ ഏകത്വം’ എന്ന ആശയത്തിന് ഏറ്റവും നല്ല ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ മറ്റൊരു നാടിന്റെ സംസ്കാരത്തെയും ഭാഷയെയും നെഞ്ചിലേറ്റിയ സേത്തിയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്.

















