നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ജാതിയെക്കുറിച്ച്‌ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ Big TV-യ്‌ക്കും മാധ്യമപ്രവർത്തകരായ സുജയ പാർവതി, ലക്ഷ്മി പദ്മ എന്നിവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചതായി പാറശ്ശാല മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ആയിരുന്ന അഡ്വ : ഗിരീഷ് നെയ്യാർ അറിയിച്ചു.താൻ ജാതി-മത ചിന്തകള്‍ക്കതീതമായാണ് പൊതുപ്രവർത്തനം നടത്തുന്നതെന്നും, വ്യക്തികളെ അവരുടെ പ്രവർത്തനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും, ജാതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ ശരിയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അതീവ നിർണായക ഘട്ടത്തില്‍ ഒരു സ്ഥാനാർത്ഥിയെക്കുറിച്ച്‌ തെറ്റായ വിവരം പ്രചരിപ്പിക്കുകയും, അത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ വീടുതോറും വ്യാപകമായി എത്തിക്കപ്പെടുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. പാറശാല മണ്ഡലത്തില്‍ അത്തരം തെറ്റായ പ്രചാരണം ഉണ്ടായത് ജനാധിപത്യ മൂല്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് നിഷ്പക്ഷതയ്‌ക്കും വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെറ്റായ വിവരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാത്തത് മാധ്യമധർമ്മത്തിന്റെ ലംഘനമാണെന്നും, സത്യത്തിനും പൊതുജനവിശ്വാസത്തിനുമപ്പുറം വാണിജ്യ-രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നിയമപരമായും ജനാധിപത്യപരമായും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് വ്യക്തിപരമായ വിഷയമല്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യ തത്വങ്ങള്‍ക്കെതിരായ ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും നീതിക്കും മാധ്യമ ഉത്തരവാദിത്വത്തിനും വേണ്ടി നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.’

സത്യം വിജയിക്കട്ടെ. ജനാധിപത്യം ശക്തിപ്പെടട്ടെ’ — അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക