ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി ദക്ഷിണേന്ത്യൻ എം.പിമാർ നിരന്തരം വാദിക്കുന്നതിനിടെയുള്ള അമിത് ഷായുടെ തന്ത്രപരമായ നീക്കം കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നില് കണ്ടെന്നാണ് സൂചന. ബി.ജെ.പി നേരിടുന്ന പ്രധാന വിമര്ശനങ്ങളിൽ ഒന്നാണ് ഹിന്ദി ഭാഷാ വാദം. കേരളത്തിൽ നിന്ന് ലോക്സഭയിൽ ആദ്യമായി സീറ്റ് നേടിയ ബി.ജെ.പി നിയമസഭയിലും ചരിത്രം ആവര്ത്തിക്കാനുള്ള കടുത്ത ശ്രമത്തിലാണ്.
എം.പിമാര്ക്ക് ഇംഗ്ലിഷില് മറുപടി നല്കുന്നതാണ് കീഴ്വഴക്കം.എന്നാൽ മോദി സര്ക്കാറിലെ ചില മന്ത്രിമാർ ഹിന്ദിയിൽ മാത്രം മറുപടി നല്കുന്നത് വിമര്ശനത്തിന് ഇടയാക്കിയിരുന്നു. ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് ഉയര്ന്ന വിമര്ശനം. ഈ സമയത്താണ് ഹിന്ദിയിലും ഇംഗ്ലീഷിലും നല്കാതെ മലയാളത്തില് തന്നെ ആഭ്യന്തര മന്ത്രി മറുപടി നല്കിയിരിക്കുന്നത്.
ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ (ഒ.സി.ഐ) രജിസ്ട്രേഷന് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര് 22ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായി നവംബര് 14ന് അമിത് ഷാ ബ്രിട്ടാസിന് കത്തയക്കുകയായിരുന്നു. ജോണ് ബ്രിട്ടാസ് അയച്ച കത്തുകിട്ടി, നന്ദിയോടെ താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് മറുപടി. ഓവര്സീസ് പൗരന്മാരുടെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനമിറക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോ ബ്രിട്ടാസ് കത്ത് നല്കിയിരുന്നത്. ഏഴ് വര്ഷമോ അതില് കൂടുതലോ ശിക്ഷ ലഭിക്കാവു കുറ്റപത്രം സമര്പ്പിച്ചാല് ഒ.സി.ഐ രജിസ്ട്രേഷന് റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാണ് കത്തില് എം.പി ആവശ്യപ്പെട്ടിരുന്നത്.

















