മലയാള വാർത്താ മാധ്യമരംഗത്ത് ചൂടുളള ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലായ ബിഗ് ടിവി.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് തന്നെ പുതിയ ചാനലിന്റെ രാഷ്ട്രീയം എന്തായിരിക്കുമെന്നുളള ചർച്ച സോഷ്യല്‍ മീഡിയയിലും നടക്കുന്നു. ബിഗ് ടിവിയെ നയിക്കുന്ന അനില്‍ അയിരൂർ ആരാണെന്ന ചോദ്യവും പലരും ഉന്നയിക്കുന്നു.

ലോഞ്ചിംഗിന് അതിവേഗത്തില്‍ തയ്യാറെടുക്കുന്ന ബിഗ് ടിവി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകള്‍. മലയാളം വാർത്താ ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന പല പ്രമുഖ അവതാരകരും റിപ്പോർട്ടർമാരും ഇതിനകം തന്നെ ബിഗ് ടിവിയിലേക്ക് എത്തിക്കഴിഞ്ഞു. സ്റ്റാർ അവതാരകരെ പണം വാരിയെറിഞ്ഞാണ് ബിഗ് ടിവി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോർട്ടർ ടിവി, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് അടക്കം എല്ലാ പ്രമുഖ ചാനലുകളില്‍ നിന്നും മുൻനിര മാധ്യമപ്രവർത്തകരെ ചൂണ്ടാൻ ഇതിനകം ബിഗ് ടിവിക്ക് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട പേരുകള്‍ വേണു ബാലകൃഷ്ണൻ, സുജയ പാർവ്വതി, ലക്ഷ്മി പദ്മ, ജോഷി കുര്യൻ, അപർണ കുറുപ്പ് അടക്കമുളളവരുടേതാണ്. വമ്പൻ പാക്കേജ് മാത്രമല്ല വൻ പദവികള്‍ കൂടി നല്‍കിയാണ് ഇവരെയെല്ലാം അനില്‍ അയിരൂർ ബിഗ് ടിവിയിലേക്ക് എത്തിച്ചിരിക്കുന്നത്.

മീഡിയാ വണ്‍ വിട്ട് ബിഗ് ടിവിയിലേക്ക് എത്തിയ വേണു ബാലകൃഷ്ണനാണ് ചാനലിന്റെ ന്യൂസ് ഡയറക്ടർ പദവിയിലുളളത്. വേണു ഇതിനകം ചാർജ് ഏറ്റെടുത്തിട്ടുണ്ട്. ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായാണ് സുജയ പാർവ്വതിയുടെ വരവ്. റിപ്പോർട്ടർ ടിവിയിലെ കോർഡിനേറ്റിംഗ് എഡിറ്റർ സ്ഥാനത്ത് നിന്ന് സുജയ ബിഗ് ടിവിയിലേക്ക് എത്തുമ്പോള്‍ മലയാളം വാർത്താ ചാനലുകളില്‍ ആദ്യമായാണ് ചീഫ് എഡിറ്റർ പദവിയില്‍ ഒരു വനിത എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന ജോഷി കുര്യൻ ബിഗ് ടിവിയില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പദവിയിലെത്തും. സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ ആയി ന്യൂസ് 18 കേരളം വിട്ട അപർണ കുറുപ്പും ന്യൂസ് മലയാളം വിട്ട ലക്ഷ്മി പദ്മ കോർഡിനേറ്റിംഗ് എഡിറ്റർ ആയും ബിഗ് ടിവിയിലുണ്ടാകും. 24 ന്യൂസില്‍ നിന്ന് ഹാഷ്മി താജ് ഇബ്രാഹിമും ബിഗ് ടിവിയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മീഡിയാ വണ്‍ ചാനലില്‍ നിന്ന് അജിംസ് ബിഗ് ടിവിയിലേക്ക് എത്തിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ റിപ്പോർട്ടർ ടിവിയിലേക്ക് ആയിരിക്കും അജിംസ് എത്താൻ സാധ്യത. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് വിട്ട് റിപ്പോർട്ടർ ടിവിയില്‍ എത്തിയ ജിമ്മി ജെയിംസ് മീഡിയാ വണ്ണിലേക്ക് പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടർ ടിവിയുടെ ടെക്നിക്കല്‍, സെയില്‍സ് അടക്കമുളള വിഭാഗങ്ങളില്‍ നിന്നും നിരവധി പേർ ബിഗ് ടിവിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയും കുടുംബവുമാണ് ബിഗ് ടിവിക്ക് വേണ്ടി ഫണ്ടിറക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അയിരൂരിന് ഉടമസ്ഥാവകാശം കൂടി ചാനലിലുണ്ടാകും. ഫ്ളവേഴ്സ് ടിവി, 24 ന്യൂസ്, റിപ്പോർട്ടർ ടിവി, സീ കേരളം അടക്കമുളള ചാനലുകളെ വിജയത്തിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് ആണ് അനില്‍ അയിരൂർ എന്ന് പറയാം.

ഏഷ്യാനെറ്റിലൂടെയാണ് കരിയറിന്റെ തുടക്കം. അതിന് ശേഷം ഫ്ളവേഴ്സ് ടിവി, 24 ന്യൂസ് എന്നീ ചാനലുകളെ ഹിറ്റാക്കുന്നതിന് പിന്നില്‍ പ്രവർത്തിച്ചു. എതിരാളികളില്ലാതെ നിന്ന ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാവുന്ന തരത്തിലേക്ക് റിപ്പോർട്ടർ ടിവിയെ വളർത്താനും അനില്‍ അയിരൂർ എന്ന മീഡിയാ സ്റ്റ്ട്രാറ്റജിസ്റ്റിന് സാധിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക