ശക്തമായ മത്സരം അരങ്ങേറുന്ന മലയാളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് ഒരിടവേളയ്ക്ക് ശേഷം കൂടുമാറ്റം തുടങ്ങി. റേറ്റിംഗിൻ്റെ കാര്യത്തില്‍ ശക്തമായ മത്സരം അരങ്ങേറുമ്ബോഴാണ് പുതിയ കൂടുമാറ്റങ്ങള്‍ അരങ്ങേറുന്നതും മാധ്യമ പ്രവർത്തകർ താവളം മാറുന്നതും എന്നത് ശ്രദ്ധേയമായ കാര്യമാണ്.തെലുങ്ക് ചാനല്‍ ബിഗ് ടിവിയുടെ മലയാള പതിപ്പ് വരുന്നു എന്നതാണ് ഈ മേഖലയിലെ പുതിയ വിശേഷം.
ഏഷ്യാനെറ്റില്‍ നിന്ന് റിപ്പോർട്ടറിലും അവിടെ നിന്ന് സീ കേരളത്തിലും എത്തിയ അനില്‍ അയിരൂർ ആണ് ബിഗ് ടിവി യുടെ തലപ്പത്ത്.മീഡിയാവണ്‍ വിട്ട വേണു ബാലകൃഷ്ണനാണ് എഡിറ്റോറിയല്‍ ടീമിൻ്റെ ക്യാപ്റ്റൻ.ന്യൂസ് മലയാളത്തില്‍ നിന്നും രാജിവച്ച ലക്ഷ്മി പത്മ, ന്യൂസ് 18 ല്‍ നിന്ന് അപർണ്ണ കുറുപ്പ് എന്നിവരും ബിഗ് ടി വി ക്ക് ഒപ്പം ചേരും. മീഡിയാ വണ്ണില്‍ നിന്നും ചില പരിചിത മുഖങ്ങളും ഈ ടീമിൻ്റെ ഭാഗമായേക്കും എന്നാണ് കേള്‍ക്കുന്നത്.
റിപ്പോർട്ടറില്‍ നിന്ന് സുജയ പാർവ്വതി അടക്കമുള്ളവരുമായി ബിഗ് ടിവി ചർച്ച നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.ന്യൂസ് മലയാളം, ന്യൂസ് 18, 24, മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രവർത്തകരെ പലരെയും ബിഗ് ടിവി ഇതിനോടകം തങ്ങളുടെ പാളയത്തില്‍ എത്തിച്ചിട്ടുണ്ട്.ഫെബ്രുവരിയോടെ ബിഗ് ടിവി പ്രവർത്തനം തുടങ്ങും.
അതേസമയം ന്യൂസ് മലയാളത്തിൻ്റെ സിഇഒ സ്ഥാനത്ത് നിന്നുള്ള മംഗളം അജിത്തിൻ്റെ (ആർ അജിത്ത്കുമാർ) രാജി ചാനല്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അജിത്ത് രാജി നല്‍കിയത്.മാധ്യമ മേഖലയില്‍ ഏറെ പരിചയ സമ്ബന്നനായ ആർ അജിത്കുമാർ ന്യൂസ് മലയാളം വിട്ടിറങ്ങുന്ന വാർത്ത അപ്രതീക്ഷിതമാണ്.മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള രാജികള്‍ കൂടുമാറ്റത്തിൻ്റെ ഭാഗമായാണെങ്കില്‍ അജിത്തിൻ്റെ രാജി അങ്ങനെ അല്ല എന്നാണ് വിവരം.

















