കെഎം മാണി സ്മാരകങ്ങൾക്കായി കോടികൾ ചെലവഴിക്കുക ജനങ്ങളുടെ ആവശ്യങ്ങളെ തമസ്കരിക്കുക എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ടുപോകുന്നത്. പ്രധാനമായും ജോസ് കെ എം മാണിയെ തങ്ങളുടെ പാളയത്തിൽ തളച്ചിടുവാനുള്ള സിപിഎം തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ നീക്കങ്ങൾ. ജോസ് മുന്നണി മാറുമെന്ന് അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെയാണ് തലസ്ഥാനം നഗരിയിൽ കോടികൾ വിലമതിക്കുന്ന 25 സെൻറ് ഭൂമി സ്മാരകത്തിനായി ജോസ് കെ മാണിയുടെ നിയന്ത്രണത്തിലുള്ള കെഎം മാണി ഫൗണ്ടേഷന് സൗജന്യമായി വിട്ടുകൊടുക്കുവാനുള്ള തീരുമാനം സർക്കാർ എടുത്തത്.
തുടർന്ന് ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലും പാലാക്കാർക്കും പാലായുടെ വികസന മോഹങ്ങൾക്കും മേൽ കനത്ത തിരിച്ചടിയാകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജനറൽ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം സ്ഥാപിക്കാൻ 20 കോടി രൂപ വകയിരുത്തി എന്ന് അവകാശപ്പെടുമ്പോൾ ഇതിനുമുമ്പ് ആശുപത്രിയിലേക്ക് പ്രഖ്യാപിച്ച പല പദ്ധതികളും വെള്ളത്തിൽ വരച്ച വര പോലെയായി എന്നതാണ് യാഥാർത്ഥ്യം. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തി ഹൃദ്രോഗ വിഭാഗം പോലെ നിലവിലുള്ള സംവിധാനങ്ങൾക്ക് കരുത്ത് പകരുന്നതിന് പകരം ജനങ്ങളെ കബളിപ്പിക്കുവാനുള്ള കേവലമായ പ്രഖ്യാപനത്തിനപ്പുറം ഇതിൽ ഒന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ആശുപത്രിയുടെ അതിര് കെട്ടുവാൻ അഞ്ചു കോടി രൂപ അധികമായി അനുവദിച്ചതിന് പിന്നിൽ കേരള കോൺഗ്രസ് നേതാക്കൾ നടത്തിയ അനധികൃത കയ്യേറ്റങ്ങൾ മറയ്ക്കാനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പാലായുടെ സമസ്ത മേഖലകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് ജനങ്ങൾക്ക് നിയോജകമണ്ഡലത്തിലെ ഉടനീളം ഗുണപ്രദമാകുന്ന 20 പദ്ധതികൾ ആയിരുന്നു എംഎൽഎയുടെ ഭാഗത്തുനിന്ന് പാലായ്ക്ക് വേണ്ടി നിർദ്ദേശിച്ചത്. വർഷങ്ങളായി പണിമുടങ്ങിയ റിവർവ്യൂ റോഡ് പാലത്തിൻറെ നിർമ്മാണം പൂർത്തിയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി, മുഴുവൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും നിർമ്മാണ ആരംഭിക്കാത്ത കടപുഴ പാലത്തിൻറെ പൂർത്തീകരണം ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻറർ സ്ഥാപനം മേൽപ്പാലങ്ങൾ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ മൂന്നാനി പ്രദേശത്ത് റോഡ് ഉയരം കൂട്ടി ബിഎംബിസി നിലവാരത്തിൽ ആക്കുവാനുള്ള നിർദ്ദേശം, വ്യവസായ പാർക്ക് ഫുഡ് പാർക്ക് എന്നീ പദ്ധതികൾ എന്നിങ്ങനെ എംഎൽഎ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പൂർണമായും ബഡ്ജറ്റിൽ അവഗണിക്കപ്പെടുകയായിരുന്നു.
ലക്ഷ്യം തെരഞ്ഞെടുപ്പ്; മാണി ഗ്രൂപ്പ് നടത്തുന്നത് വികസന മുരടിപ്പ് യുഡിഎഫ് എംഎൽഎയുടെ തലയിൽ കെട്ടിവയ്ക്കുവാനുള്ള തന്ത്രം
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും മാണി സി കാപ്പനെയും ചേർത്തുനിർത്തിയ പാലായിലെ വോട്ടർമാരോട് ഉള്ള വെല്ലുവിളിയാണ് ഭരണത്തിന്റെ ആനുകൂല്യത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത്. ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികൾ എംഎൽഎ മുന്നോട്ടു വെച്ചെങ്കിലും എംഎൽഎ ആവിഷ്കരിച്ച പദ്ധതികൾ ആയതിനാൽ മാത്രം ഇത് നടപ്പാക്കുന്നത് അട്ടിമറിക്കുവാനുള്ള ശ്രമങ്ങൾ ആണ് മാണി കേന്ദ്രങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാകുന്നത്. എംഎൽഎ നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഫലമായി ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും അവകാശവാദവുമായി എത്തുന്ന ജോസ് കെ മാണിയെയും അതിൻറെ പേരിൽ ജോസ് കെ മാണിയുടെ ഫ്ലക്സ് ബോർഡ് ഉയർത്തി സായൂജ്യമടയുന്ന പാർട്ടി നേതാക്കളും പാലാ രാഷ്ട്രീയത്തിലെ കൗതുക കാഴ്ചയാണ്.
സന്യസ്ഥർക്ക് പെൻഷൻ അനുവദിക്കുവാനുള്ള തീരുമാനം; വിജയം കണ്ടത് എംഎൽഎയുടെ നിരന്തര ഇടപെടൽ
സന്യസ്ഥർക്ക് പെൻഷൻ അനുവദിക്കണം എന്നുള്ള നിർദ്ദേശം ഒരിക്കൽപോലും 52 വർഷക്കാലം പാലായുടെ ജനപ്രതിനിധിയായിരുന്ന കെഎം മാണി ഉയർത്തിയിരുന്നില്ല. എന്നാൽ ഇടതുമുന്നണി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സർക്കാരിന് മുമ്പിൽ മാണി സി കാപ്പൻ അവതരിപ്പിച്ച ആദ്യ ആവശ്യങ്ങളിൽ ഒന്ന് ഇതായിരുന്നു. റേഷൻ അനുവദിക്കണമെന്ന് ആവശ്യത്തോടൊപ്പം തന്നെയാണ് കാപ്പൻ പെൻഷൻ ആവശ്യവും മുന്നോട്ടുവെച്ചത്. റേഷൻ അനുവദിച്ചെങ്കിലും കോവിഡ് വന്ന സാമ്പത്തിക ഞെരുക്കം ബാധിച്ചതിനാൽ സർക്കാർ പെൻഷൻ ആവശ്യം നടപ്പാക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട നിയമസഭയിൽ നിരന്തരം ചോദ്യങ്ങൾ ഉയർത്തിയതും നിവേദനങ്ങൾ നൽകിയതും മാണി സി കാപ്പൻ തന്നെയാണ്. എന്നാൽ ഇപ്പോൾ പെൻഷൻ അനുവദിച്ചു എന്ന് അവകാശപ്പെട്ടു കൊണ്ട് ജോസ് ഗ്രൂപ്പുകാർ നേതാവിന് ഐക്യദാർഢ്യം അർപ്പിക്കുന്ന ഫ്ലക്സ് ബോർഡുകൾ ഉയർത്താനുള്ള തിരക്കിലാണെന്നാണ് പാലായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


















