നഗരത്തില്‍ നിർത്തിയിട്ട രണ്ട് കാറുകള്‍ കത്തിയമർന്നു. മഞ്ചേരി ടിബി റോഡില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം 3.30നാണ് സംഭവം.തീപിടിച്ച കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ടുനീങ്ങി എതിർവശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചതാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. സമീപത്തുണ്ടായിരുന്ന സ്കൂട്ടറിനും തീപിടിച്ചു. മേലാറ്റൂർ സ്വദേശി ഡോ. ഉവൈസിന്റെ ഉടമസ്ഥതയിലുള്ള നെക്സോണ് കാറിലാണ് ആദ്യം തീ പടർന്നത്.
സമീപത്തെ ആശുപത്രിയിലേക്ക് എത്തിയ ഡോക്ടർ വാഹനം റോഡരികില്‍ പാർക്ക് ചെയ്തു മടങ്ങി. അരമണിക്കൂർ കഴിഞ്ഞ് കാറില്‍ നിന്ന് തീയും പുകയും ഉയർന്നു. വ്യാപാരികള്‍ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാർ ആളിക്കത്തുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിന്റെ ചരിവിലൂടെ പിന്നിലേക്ക് ഉരുണ്ടുനീങ്ങിയത് പരിഭ്രാന്തി പരത്തി.
എതിർവശത്ത് പാർക്ക് ചെയ്തിരുന്ന മഞ്ചേരി കൂമംകുളം ഇംഗ്ലംപുറത്ത് സുബ്രഹ്മണ്യന്റെ മാരുതി ആള്‍ട്ടോ കാറിലേക്കാണ് കത്തിയ വാഹനം ചെന്നിടിച്ച് നിന്നത്. ഇതോടെ ആള്‍ട്ടോ കാറിലേക്കും ആളിപ്പടർന്ന തീ നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാഹനത്തെയും പൂർണമായും വിഴുങ്ങി.സുബ്രഹ്മണ്യന്റെ മകൻ അതുലും സഹപാഠിയായ അവിനാഷും പ്രോജക്‌ട് തയാറാക്കുന്നതിനായി ടിബി റോഡിലെ ഡിടിപി സെന്ററില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കത്തുന്ന വാഹനം ഇവരുടെ കാറിലേക്ക് ഉരുണ്ടുവന്നത്.
ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോയിലേക്ക് തീ പടർന്നതോടെ വിദ്യാർഥികള്‍ ഓടിമാറിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഇതിന് സമീപം നിർത്തിയിട്ടിരുന്ന അവിനാഷിന്റെ സ്കൂട്ടറിനും തീപിടിച്ചു. ഉടൻ മഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഏറെ പരിശ്രമിച്ചാണ് തീ പൂർണമായും അണച്ചത്.

















