നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാലായിൽ യുഡിഎഫിന്റെ കരുത്തു വർധിപ്പിക്കുവാനുള്ള നിർണായക നീക്കവുമായി ജോസഫ് ഗ്രൂപ്പ്. യുഡിഎഫ് സ്ഥാനാർത്ഥി കാപ്പന്റെ വിജയം ഉറപ്പുവരുത്തുവാനുള്ള നിർണായകമായ പാർട്ടി നിയമനമാണ് പി ജെ ജോസഫ് നടത്തിയിട്ടുള്ളത്. പതിറ്റാണ്ടുകൾ കെഎം മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന കുര്യാക്കോസ് പടവനെയാണ് ജോസഫ് പാർട്ടിയുടെ വൈസ് ചെയർമാനായി നിയമിച്ചിരിക്കുന്നത്. കെ എം മാണിയുടെ മരണശേഷം പാലായിൽ ജോസ് കെ മാണിയോട് ഇടഞ്ഞ് പാർട്ടിവിട്ട പ്രമുഖ നേതാക്കളിൽ ഒരാളാണ് പടവൻ. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തിനിടയിൽ പാലാ നഗരസഭ അധ്യക്ഷപദവിയിലും ഉപാധ്യക്ഷപദവിയിലും തുടർച്ചയായി അഞ്ചു വർഷക്കാലം പിന്നിട്ട ഏക നേതാവും ഇദ്ദേഹം ആണ്.
കെഎം മാണി പാർട്ടിയിൽ സർവാധിപത്യം പുലർത്തിയിരുന്ന കാലത്ത് പാലായിൽ അദ്ദേഹത്തിൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്നു കുര്യാക്കോസ് പടവൻ. 1989 മുതൽ 2019ൽ മാണിയുടെ മരണം വരെ 30 വർഷക്കാലം പാർട്ടിയുടെ പാലാ മണ്ഡലം പ്രസിഡൻറ് പദവി അലങ്കരിച്ചിരുന്ന നേതാവായിരുന്നു ഇദ്ദേഹം. 2005ൽ ആദ്യമായി കൗൺസിലർ ആയപ്പോൾ തന്നെ കെഎം മാണി അഞ്ചു വർഷക്കാലവും വൈസ് ചെയർമാനായി നിയോഗിച്ചതും പടവനെയാണ്. പിന്നീട് 2010-15 കാലഘട്ടത്തിൽ നഗരസഭ അധ്യക്ഷ പദവി വഹിച്ചതും ഇദ്ദേഹം തന്നെയാണ്. നഗരസഭ കൗൺസിലർ എന്ന നിലയിൽ തന്നെ മൂന്നാമത്തെ ടേമിൽ 2015- 20 കാലഘട്ടത്തിൽ വീണ്ടും അദ്ദേഹം വൈസ് ചെയർമാൻ പദവിയിലെത്തി.
കെഎം മാണിയുടെ മരണശേഷം ജോസ് – ജോസഫ് വിഭാഗങ്ങൾ തമ്മിൽ പിരിഞ്ഞപ്പോൾ ജോസ് കെ മാണിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തി ജോസഫ് വിഭാഗത്തോടൊപ്പം പടവൻ നിലയുറപ്പിച്ചു. അന്നു മുതൽ പാർട്ടിയുടെ ഉന്നത അധികാര സമിതി അംഗമായിരുന്ന പടവനെ നിർണ്ണായകമായ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പുതിയ ഉത്തരവാദിത്വത്തിലേക്ക് പിജെ ജോസഫ് കൊണ്ടുവന്നിരിക്കുന്നത്. കുര്യാക്കോസ് പടവൻ എന്ന നേതാവിന്റെ സംഘടനാ മികവിനുള്ള അംഗീകാരമായി കൂടി ഈ നിയമനത്തെ രാഷ്ട്രീയ വൃത്തങ്ങൾ നോക്കിക്കാണുന്നു.

















