പാലായിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന അലങ്കാര പണികളുടെ പേരിൽ സ്വാതന്ത്ര്യസമരസേനാനിയും മുൻ സ്പീക്കറും പാലായുടെ പ്രഥമ ചെയർമാനുമായിരുന്ന ആർ വി തോമസിന്റെ സ്മാരകം വികൃതമാക്കി കുട്ടി സഖാക്കൾ. പാലാ കൊട്ടാരമറ്റം ജംഗ്ഷനിലുള്ള ആർ വി സ്ക്വയർ ആണ് തോരണം കെട്ടി മറച്ച് വികൃതമാക്കിയത്. ദയനീയമായി പരാജയപ്പെട്ടിട്ടും ഗുണ്ടാ രാഷ്ട്രീയ പാതയിൽ തന്നെ മുന്നേറാനാണ് സിപിഎമ്മും പോഷക സംഘടനകളും ശ്രമിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാകുകയാണ്.
സമ്മേളനത്തിന് വേണ്ടി കൊട്ടാരമറ്റം ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡ് അടച്ചു കെട്ടി പന്തൽ ഇട്ട് യാത്രക്കാർക്കും ബസ് ഓപ്പറേറ്റർമാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമേയാണ് ഇപ്പോൾ ഈ അതിക്രമവും നടന്നിരിക്കുന്നത്. RV തോമസിനെ പോലുള്ള കോൺഗ്രസ് നേതാക്കളെ മഹാന്മാർ എന്ന് അനുസ്മരിച്ചുകൊണ്ട് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പാലായിലെ നിലവിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് സംസാരിച്ച് മണിക്കൂറുകൾക്കകമാണ് സ്മാരകത്തിന് നേരെ ഡിവൈഎഫ്ഐ കടന്നുകയറ്റം. സിപിഎം ഉന്നത നേതൃത്വത്തിന്റെ കൂടി അറിവോടെ തന്നെയാണ് ആർ വി സ്മാരകത്തിന് നേരെയുള്ള കടന്നുകയറ്റം എന്നും സൂചനയുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം ടൗൺ ബസ് സ്റ്റാൻഡ് വിട്ട് നൽകുവാനുള്ള കൗൺസിൽ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്റ്റാൻഡ് വിട്ടു നൽകുവാൻ ചെയർമാൻ ദിയ ബിനു അടക്കമുള്ള സ്വതന്ത്ര മുന്നണി അംഗങ്ങൾ സിപിഎമ്മുമായി ഒത്തുതളിച്ചു എന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ് ഭരണസമിതിക്കുള്ള പിന്തുണ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കോൺഗ്രസ് ജില്ലാ/ സംസ്ഥാന നേതൃത്വങ്ങൾ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കും എന്നുള്ള വിശ്വാസത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ദിയാ ബിനു രാജിവെക്കാതെ ചെയർപേഴ്സൺ പദവിയിൽ ഇപ്പോഴും തുടരുകയാണ്.

















