സംസ്ഥാന ആഭ്യന്തരവകുപ്പ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇന്ന് ഓപ്പറേഷൻ തൂഫാൻ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ എംഎൽഎമാർക്കും ഈ പരിപാടികളിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം പ്രഖ്യാപിച്ച ഈ പദ്ധതി ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ലഹരി വിരുദ്ധ പോരാട്ടം എന്ന നിലയിൽ രാജ്യാന്തരശ്രദ്ധയും നേടി കഴിഞ്ഞു.
എന്നാൽ ഇന്ന് പാലാ സെൻറ് തോമസ് കോളേജ് സ്കൂളിൽ ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ അവബോധ പരിപാടിയെക്കുറിച്ച് കടുത്ത പ്രതിഷേധ രേഖപ്പെടുത്തി പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. സംഘാടകരായ ജനമൈത്രി പോലീസ് കോൺഗ്രസ് ജനപ്രതിനിധികളെ പൂർണമായും അവഗണിക്കുന്നു എന്ന ആക്ഷേപമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ് പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യനെയും, പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാർ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ആർ ശ്രീകല ടീച്ചറെയും, ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളെയും പരിപാടി അറിയിച്ചില്ല എന്നതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ച ആദ്യ സംഭവം. ഇതിനുപുറമേ കോൺഗ്രസ് പ്രതിനിധികളായ ജില്ലാ പഞ്ചായത്ത് ഭാരവാഹികളുടെയോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും പഞ്ചായത്ത് അധ്യക്ഷന്മാരുടെയോ ചിത്രങ്ങൾ പോസ്റ്ററിൽ ഉൾപ്പെടുത്താതെ സ്വതന്ത്ര മുന്നണിയുടെ ഭാഗമായ പാലാ നഗരസഭ ചെയർപേഴ്സൺ ബിനുവിന്റെ ചിത്രം പരിപാടിയുടെ പ്രചരണ പോസ്റ്ററിൽ ഉൾപ്പെടുത്തിയതും കോൺഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അധികാരമാറ്റം സംഭവിച്ചിട്ടും പാലായിൽ കോൺഗ്രസ് നേതാക്കളെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത് എന്നതാണ് നേതൃത്വത്തിന്റെ ആക്ഷേപം. പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കെഎസ്ആർടിസി പാലാ സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിലും കോൺഗ്രസിൻറെ കാര്യമായ പ്രാധിനിത്യം ഉണ്ടായിരുന്നില്ല. ഇതിനെതിരെയും കോൺഗ്രസ് നേതാക്കൾ അന്ന് ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഓപ്പറേഷൻ തൂഫാൻ പ്രചാരണ പരിപാടികളിലും കോൺഗ്രസ് പ്രതിനിധികളെ അവഗണിച്ചത് ആസൂത്രിതമായ ഒരു നീക്കം ആണോ എന്ന് സംശയംപോലും കോൺഗ്രസിലെ പലരും ഉയർത്തുന്നുണ്ട്.
പാലായിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി കോൺഗ്രസ് ആണെന്നും അതിനെ അവഗണിക്കുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ ജനാധിപത്യവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫസർ സതീശ് ചൊള്ളാനി തുറന്നടിച്ചു. തങ്ങളുടെ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷനും ഉപാധ്യക്ഷനും ഒന്നും ഓട് പൊളിച്ചു വന്നവരല്ല ജനങ്ങളുടെ വോട്ട് മേടിച്ച് വിജയിച്ച സ്ഥാനങ്ങളിൽ എത്തിയവരാണെന്ന് അധികൃതർ മനസ്സിലാക്കി അത് അനുസരിച്ച് പെരുമാറിയില്ലെങ്കിൽ തിക്തഫലം അനുഭവിക്കേണ്ടി വരും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർക്കെങ്കിലും പ്രാധാന്യം നൽകുന്നതിന് എതിർപ്പില്ലെങ്കിലും കോൺഗ്രസ് പ്രതിനിധികൾക്ക് പ്രാധാന്യം നൽകാത്തതിൽ തങ്ങൾക്ക് ശക്തമായ പ്രതിഷേധം ഉണ്ടെന്നും അത് പാർട്ടി വേദികളിൽ ഉന്നയിക്കുമെന്നും ചൊള്ളാനി വ്യക്തമാക്കി.

















