നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്ബി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി എന്‍ പ്രതാപനും കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസും മത്സരിക്കും. കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരേയും മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.
ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക കോണ്‍ഗ്രസ് യോഗം നടക്കുന്നത്. യോഗം ചേരുന്നതിന് മുന്നോടിയായാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു മുമ്ബ് തന്നെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ ഉമ തോമസ് തന്നെ മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ശശി തരൂർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ഐക്യത്തിനിടയിലും കല്ലുകടിയായി. എറണാകുളത്ത് രാഹുൽഗാന്ധി പങ്കെടുത്ത യോഗ വേദിയിൽ അപമാനിക്കപ്പെട്ടതാണ് തരൂരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദീപ ദാസ് മുൻഷിയും കെസി വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾ അനുനയ ശ്രമവുമായി രംഗത്തെത്തിയിരുന്നെങ്കിലും തരൂർ വഴങ്ങാൻ കൂട്ടാക്കിയില്ല. തന്നെ മനപ്പൂർവും അപമാനിച്ചു എന്ന നിലപാടിലാണ് തരൂരുള്ളത്.

















