തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തിരിച്ചടികളുടെ പത്മവ്യൂഹത്തില്‍ കുരുങ്ങിക്കിടക്കുകയാണ് ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിയുടെ കരുനീക്കത്തില്‍ എം പിമാരും എം എല്‍ എമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളില്‍ കാണുന്നത്. ഇതില്‍ നിന്ന് രക്ഷയെന്തെന്ന ചോദ്യത്തിന് മുന്നില്‍ നില്‍ക്കുന്ന മമതക്കും തൃണമൂല്‍ കോണ്‍ഗ്രസിനും മുന്നില്‍ പലരും വയ്ക്കുന്ന ഉത്തരം കോണ്‍ഗ്രസില്‍ ലയിക്കുക എന്നതാണ്.
ബി ജെപി നീക്കം പൊളിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ മമത ബാനർജി ഇന്ന് സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. 2021 ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥില്‍ എത്തി മമത, സോണിയയെ കണ്ടത്. ടി എം സി, കോണ്‍ഗ്രസില്‍ ലയിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാൻ മമതയും ടി എം സിയും കോണ്‍ഗ്രസും തയ്യാറായിട്ടില്ല.
വിമതർ പെരുകുന്നു: അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് പാർലമെൻററി പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള മമത ബാനർജിയുടെ ശ്രമം ഫലം കണ്ടില്ല. കൂടുതല്‍ എം പിമാർ വിമത പക്ഷത്ത് ചേരുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തില്‍ പങ്കെടുത്ത യൂസഫ് പഠാനടക്കം ദില്ലിയിലെത്തി വിമർതർക്കൊപ്പം ചേർന്നതിനാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്. എന്നാല്‍ അയോഗ്യത മറികടക്കാൻ ആവശ്യമായ 20 പേർ വിമത പക്ഷത്തുണ്ടോ എന്നതില്‍ വ്യക്തതയില്ല. സ്പീക്കറെ നേരിട്ട് കണ്ട് സംഖ്യ ബോധ്യപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഇന്ന് നടന്നില്ല.
അഭിഷേക ബാനർജി വിമത എം പിമാരെ വിളിച്ചെങ്കിലും അനുനയ നീക്കം ഇവർ തള്ളി. ഓപ്പറേഷൻ താമര വിജയിച്ചിട്ടില്ലെന്നാണ് മമത പക്ഷത്തുള്ള കീർത്തി ആസാദ് അവകാശപ്പെട്ടത്. വിമത എം പിമാരെ വഞ്ചകർ എന്നു വിളിച്ച മമത പക്ഷം, സ്പീക്കർക്ക് നല്‍കിയ കത്ത് പുറത്തുവിടാൻ കകോലി ഘോഷിനെ വെല്ലുവിളിച്ചു. ടി എം സി ചീഫ് വിപ്പായി വിമത എം പി കകോലി ഘോഷ് ദസ്തിദാറിനെ അംഗീകരിക്കരുതെന്ന് മമത പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിമത എം പിമാർ ലോക്സഭ സ്പീക്കറെ നേരില്‍ കണ്ട് കത്ത് കൊടുക്കുന്നത് വൈകുകയാണ്.
എൻ ഡി എ അംഗസംഖ്യ ഉയരുമോ? ടി എം സിയിലെ ഇരുപത് എം പിമാർ കൂടി എത്തിയാല്‍ എൻ ഡി എ സംഖ്യ ലോക്സഭയില്‍ 313 ആയി ഉയരും. വൈ എസ് ആർ സി പി അംഗങ്ങളും സ്വതന്ത്രരും ചേർന്ന് പത്തു പേർ കൂടി എൻ ഡി എ പക്ഷത്ത് നില്‍ക്കും. ഡി എം കെയുടെ 22 എം പിമാരിലും ബി ജെ പി കണ്ണുവെച്ചിട്ടുണ്ട്. ഇവർ കൂടി വന്നാല്‍ നിർണ്ണായക ബില്ലുകള്‍ പാസ്സാക്കാനുള്ള സംഖ്യ സർക്കാരിനുണ്ടാകും. മണ്ഡല പുനർനിർണ്ണയം പുതിയ സെൻസസിനു പകരം 1971 ലെ കണക്കു പ്രകാരം തന്നെ നടത്താം എന്ന ഒത്തു തീർപ്പ് നിർദ്ദേശം ഡി എം കെയ്ക്കു മുന്നില്‍ സർക്കാർ വച്ചു എന്ന റിപ്പോർട്ടുകളും ഇന്ന് പുറത്തുവന്നിരുന്നു.

















