കർണാടകത്തില്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സർക്കാർ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം കടുത്ത ആഭ്യന്തര കലഹത്തിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നു.വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള കടുത്ത അതൃപ്തിയെത്തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതാണ് സർക്കാരിന് ആദ്യത്തെ വലിയ തിരിച്ചടിയായത്.
ഇതിന് പിന്നാലെ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാരായ കെ.എച്ച് മുനിയപ്പയും കെ.ജെ ജോർജും രാജിവെക്കാനൊരുങ്ങുന്നു എന്ന ശക്തമായ സൂചനകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്.ബെംഗളൂരുവിലെ ബിടിഎം ലേഔട്ടില്‍ നിന്നുള്ള ജനപ്രതിനിധിയും ആറുതവണ മന്ത്രിയുമായിരുന്ന രാമലിംഗ റെഡ്ഡിക്ക് ഭൗമ-ചെറുകിട ജലസേചന വകുപ്പാണ് നല്‍കിയിരുന്നത്. എന്നാല്‍ അദ്ദേഹം ഏറെ പ്രതീക്ഷിച്ചിരുന്ന ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡയ്ക്ക് നല്‍കിയതാണ് റെഡ്ഡിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നല്‍കിയ രാജിയില്‍, തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കോണ്‍ഗ്രസ് പാർട്ടിയില്‍ തന്നെ തുടരുമെന്നും എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തനിക്ക് മുൻപ് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിലുള്ള നിരാശയാണ് രാജിയെന്ന് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തില്‍ രാമലിംഗ റെഡ്ഡി തുറന്നടിച്ചു. താൻ മുഖ്യമന്ത്രിയായാല്‍ ബെംഗളൂരു വികസന വകുപ്പ് നല്‍കാമെന്ന് ഡി.കെ ശിവകുമാർ തന്റെ വീട്ടിലെത്തി നേരിട്ട് ഉറപ്പുനല്‍കിയിരുന്നതാണെന്നും റെഡ്ഡി വെളിപ്പെടുത്തി.
രാമലിംഗ റെഡ്ഡിയുടെ രാജി നല്‍കിയ ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം മുക്തമാകും മുൻപാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ലഭിച്ച കെ.എച്ച് മുനിയപ്പയും വകുപ്പില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതുമായി ബന്ധപ്പെട്ട് കെ.ജെ ജോർജും കടുത്ത അതൃപ്തി പരസ്യമാക്കിയത്. തനിക്ക് ലഭിച്ച വകുപ്പില്‍ അതൃപ്തനായ മുനിയപ്പയും ഉടൻ തന്നെ രാജി സമർപ്പിച്ചേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ധനം, രഹസ്യാന്വേഷണം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സ്വന്തം കൈകളില്‍ സൂക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് 13 മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ വകുപ്പും, പ്രിയങ്ക് ഖാർഗെയ്ക്ക് ആഭ്യന്തര വകുപ്പും നല്‍കിയിരുന്നു. എന്നാല്‍ ഈ വകുപ്പ് വിഭജനം പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്. അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിച്ച് ഭരണം സുരക്ഷിതമാക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

















