കുവൈത്തില് മാരകമായ മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാരും പ്രവാസി മലയാളികളെന്ന് സൂചന.കെയ്ഫാന്, ഷുവൈഖ് പ്രദേശങ്ങളില് 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റല് മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടര്ന്ന് കൗണ്സിലര് ഖാലിദ് അല്തഹൗസിന്റെ നേതൃത്വത്തിലുള്ള ക്രിമിനല് കോടതിയാണ് രണ്ട് ഇന്ത്യന് പൗരന്മാരെ വധശിക്ഷയ്ക്ക് വിധിച്ചത്.
നിയമ പരമായ കാരണത്താല് പ്രതികളുടെ പേര് വിവരങ്ങള് പുറത്തു വിടുന്നതിനു ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. എന്നാല് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും മറ്റൊരാള് തൃശൂര് തൃപയാര് സ്വദേശിയും ആണെന്ന് റിപ്പോര്ട്ടുകളുള്ളതായി കുവൈത്തിലെ പ്രവാസികള് സൂചിപ്പിച്ചു.
കഴിഞ്ഞ വര്ഷം ഓഗസ്റ്റ് രണ്ടിനാണ് ഷുവൈഖിലെ താമസ കേന്ദ്രം, കൈഫാന് എന്നിവിടങ്ങളില് നിന്ന് ഇവര് പിടിയിലായത്. 14 കിലോഗ്രാം ശുദ്ധ ഹെറോയിന്, 8 കിലോഗ്രാം മെത്താംഫെറ്റാമൈന് എന്നിവയ്ക്ക് പുറമെ രണ്ട് ഇലക്‌ട്രോണിക് അളവ് ഉപകരണങ്ങളും ഇവരില് നിന്ന് കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്തിരുന്നു. കുവൈത്തിനുള്ളില് വിതരണം ചെയ്യാന് ലക്ഷ്യമിട്ട് സൂക്ഷിച്ചവയായിരുന്നു ഇവയെന്നും കണ്ടെത്തുകയുണ്ടായി.
രാജ്യത്തിന് പുറത്തുള്ള അന്താരാഷ്ട്ര മയക്ക് മരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവര്ത്തിച്ചു വരികയായിരുന്നു പ്രതികള് എന്ന് അന്വേഷണത്തില് കണ്ടെത്തിയതോടെയാണ് പരമാവധി ശിക്ഷ തന്നെ ഇരുവര്ക്കും വിധിച്ചത്.

















