ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, കടുത്ത ചൂട് മൂലമാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ആസാദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സുഖം പ്രാപിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുവൈത്തിലെ കടുത്ത ചൂട് എന്റെ ആരോഗ്യത്തെ ബാധിച്ചിട്ടും ദൈവകൃപയാല്‍ ഞാൻ സുഖമായിരിക്കുന്നു. എല്ലാ പരിശോധനാ ഫലങ്ങളും സാധാരണമാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി – അദ്ദേഹം പറഞ്ഞു. ഇതോടെ സംഘത്തിൻ്റെ തുടർ പര്യടന കേന്ദ്രങ്ങളില്‍ ഗുലാം നബി വിട്ടുനിന്നു. മജ്ലിസ് നേതാവ് അസദുദ്ദീൻ ഉവൈസി ഉള്‍പ്പെടെ അംഗമായ സംഘം സൗദി അറേബ്യയിലും അള്‍ജീരിയയിലും ആണ് ഇനി സന്ദർശിക്കാൻ ഉളളത്.
ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ പര്യടനത്തിന്റെ പകുതി ദൂരം പിന്നിട്ടപ്പോള്‍ ഗുലാം നബി ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. നിലവില്‍ അദ്ദേഹം മെഡിക്കല്‍ മേല്‍നോട്ടത്തിലാണ്. ചില പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയനാകാനുണ്ട്. ബഹ്റൈനിലെയും കുവൈറ്റിലെയും കൂടിക്കാഴ്ചകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ് – ബൈജയന്ത് പാണ്ഡെയുടെ വാക്കുകൾ.
സൗദിയില്‍ ഇന്നലെ രാത്രിയോടെ സംഘം എത്തി. ഷൂറ കൗണ്‍സിലിന്റെ ഇന്ത്യ-സൗദി അറേബ്യ കൗണ്‍സില്‍ ഫ്രണ്ട്ഷിപ്പ് കമ്മിറ്റി ചെയർമാനായ മേജർ ജനറല്‍ അബ്ദുർറഹ്മാൻ അല്‍ഹർബി പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

















