പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കുവൈറ്റില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു വീണു.ആകാശത്ത് വട്ടംചുറ്റിയ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനം തകരുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനം തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, ഇറാന്റെ നേതൃത്വത്തില്‍ ഗള്‍ഫ് നഗരങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം തുടരുകയാണ്. ദുബായ്, ദോഹ, മനാമ എന്നീ നഗരങ്ങളില്‍ ഇന്ന് പുലർച്ചെ മുതല്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പ്രതികാരമായി അമേരിക്കൻ-ഇസ്രായേല്‍ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകള്‍ തൊടുത്തുവിടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ജനവാസ മേഖലകള്‍ക്ക് സമീപം മിസൈലുകള്‍ പതിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഇറാനിലും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതായാണ് റിപ്പോർട്ട്. യുദ്ധവിമാനം തകർന്ന സംഭവത്തില്‍ യുഎസ് സെൻട്രല്‍ കമാൻഡ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

















