ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളും സെപ്റ്റംബർ 16-ന് തന്നെ അടച്ചതായി ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാരിഫോർ അറിയിക്കുകയായിരുന്നു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളും സെപ്റ്റംബർ 16-ന് തന്നെ അടച്ചതായി ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാരിഫോർ അറിയിക്കുകയായിരുന്നു.
അടച്ചുപൂട്ടലിന്റെ കാരണങ്ങളെക്കുറിച്ച് കമ്ബനി കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. ലുലു ഗ്രൂപ്പ് കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നതിന് ഇടയിലാണ് ഫ്രഞ്ച് കമ്ബനിയുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ലുലുവിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാഞ്ഞിട്ടാണോ കാരിഫോർ കച്ചവടം അവസാനിപ്പിക്കുന്നതെന്ന ചോദ്യവും ശക്തമാണ്.ഈ വർഷം ജനുവരിയില്‍ ഒമാനിലും, 2023 നവംബറില്‍ ജോർദാനിലും കാരിഫോർ പ്രവർത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളിലെല്ലാം, കാരിഫോറിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന ദുബായ് ആസ്ഥാനമായ മാജിദ് അല്‍ ഫുത്തൈം (Majid Al Futtaim) തങ്ങളുടെ പുതിയ ഗ്രോസറി ബ്രാൻഡായ ഹൈപ്പർമാക്‌സ് (HyperMax) അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാള്‍ ഓപ്പറേറ്ററായ മാജിദ് അല്‍ ഫുത്തൈം 1995 ലാണ് കാരിഫോറിനെ ഈ മേഖലയിലേക്ക് കൊണ്ടുവന്നു. 2013 മെയില്‍, 530 മില്യണ്‍ യൂറോയ്ക്ക് കാരിഫോർ ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് ബിസിനസ്സില്‍ 25% ഓഹരി വാങ്ങി. അതോടൊപ്പം, 2025 വരെ കാരിഫോറുമായുള്ള എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിത്തം നീട്ടി. 2024 ഏപ്രിലില്‍, മിഡില്‍ ഈസ്റ്റ്, ഈജിപ്ത്, കിഴക്കൻ ആഫ്രിക്ക, ജോർജിയ എന്നിവിടങ്ങളിലായി 20 രാജ്യങ്ങളില്‍ 400-ലധികം സ്റ്റോറുകള്‍ ഉള്‍പ്പെടുത്തി ഈ ഫ്രാഞ്ചൈസി കരാർ പുതുക്കിയതായി കാരിഫോർ പ്രസ്താവിച്ചിരുന്നു.
മാജിദ് അല്‍ ഫുത്തൈം റീട്ടെയില്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 12 രാജ്യങ്ങളില്‍ 390-ലധികം കാരിഫോർ സ്റ്റോറുകള്‍ പ്രവർത്തിപ്പിക്കുന്നു. എന്നാല്‍, കാരിഫോർ പിന്മാറിയ ബഹ്‌റൈൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളില്‍ ഹൈപ്പർമാക്‌സ് സ്റ്റോറുകള്‍ ആരംഭിച്ചു. ബഹ്‌റൈനില്‍ 6 ഹൈപ്പർമാക്‌സ് സ്റ്റോറുകളും, ജോർദാനിലും ഒമാനിലുമായി 44 ഔട്ട്‌ലെറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ ബ്രാൻഡ് കാരിഫോറിന്റെ പിൻമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മാജിദ് അല്‍ ഫുത്തൈമിന്റെ തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നു.
കാരിഫോറിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ 10 പുതിയ വിപണികളില്‍ പ്രവർത്തനം ആരംഭിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഗള്‍ഫ് മേഖലയിലെ തുടർച്ചയായ പിന്മാറ്റങ്ങള്‍ ഈ പദ്ധതിയുടെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയർത്തുന്നു.കാരിഫോറിന്റെ കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ പിന്മാറ്റത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും, മാജിദ് അല്‍ ഫുത്തൈമിന്റെ ഹൈപ്പർമാക്‌സ് ബ്രാൻഡ് അവതരിപ്പിക്കല്‍ പ്രാദേശിക വിപണി തന്ത്രങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു. പ്രാദേശിക ഉപഭോക്തൃ മുൻഗണനകള്‍ക്കും മത്സരത്തിനും അനുസൃതമായി പുതിയ ബ്രാൻഡ് വികസിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

















