ഒഞ്ചിയത്ത് നാലാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുന്ന ആർഎംപിയുടെ ജനകീയ മുന്നണിയെ ഏത് വിധേയനേയും തടയാനുള്ള ഒരുക്കത്തില്‍ ആണ് സിപിഎമ്മും ഇടതുപക്ഷവും. നിയമസഭാ, ലോക്‌സാഭാ തെരഞ്ഞെടുപ്പുകളിലെ വിജയം നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്ബോള്‍, തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കളം തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫ് നീക്കം. ഷാഫി പറമ്ബിലും സിപിഎമ്മും തമ്മിലുള്ള വൈര്യത്തിന്റെ പോർമുഖം കൂടെയാകും ഇത്തവണ വടകരയിലെ തെരഞ്ഞെടുപ്പ് വേദി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തന്നെ ശ്രദ്ധിക്കുന്ന രണ്ടു പഞ്ചായത്തുകളാണ് ഒഞ്ചിയവും എറാമലയും. ടിപി ചന്ദ്രശേഖരന്റെ ആർ എംപി യുടെ സാന്നിധ്യം ആണ് ഇവിടെ രാഷ്ട്രീയ പ്രാധാന്യം കൂട്ടുന്നത്. ഭരണം നില നിർത്താൻ ഇറങ്ങുന്ന ആർഎംപിയുടെ ജനകീയ മുന്നണിക്കും, തിരിച്ചു പിടിക്കാൻ കച്ചകെട്ടുന്ന ഇടതു മുന്നണിക്കും ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2010 ലാണ് ഒഞ്ചിയവും, ഏറാമലയും ശ്രദ്ധിക്കപ്പെടുന്നത്. അതുവരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ഓഞ്ചിയത്ത് ആർഎംപി ഭരണം പിടിച്ചു. പ്രസിഡന്റ് സ്ഥാനം ജെഡിഎസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പോരില്‍ വിപ്ലവ മണ്ണ് സിപിഎമ്മിനെ കൈവിട്ടു. കോണ്‍ഗ്രസിനും ലീഗിനുമൊപ്പം ചേർന്ന് ആർഎംപി വീണ്ടും രണ്ട് തവണ പഞ്ചായത്ത് പിടിച്ചു, ഭരിച്ചു. ജനതാ കരുത്തില്‍ ഇടതുപക്ഷം ഭരിച്ചിരുന്ന ഏറാമലയും ആർഎംപി വഴി യുഡിഎഫിലെത്തി. വികസന പ്രവർത്തികള്‍ ഇത്തവണ വോട്ടാകുമെന്നാണ് പ്രതീക്ഷ. ഷാഫി പറമ്ബിലും കെകെ രമയും പ്രചാരണത്തില്‍ മുന്നിലുണ്ടാകും.

എന്നാല്‍ ഒഞ്ചിയത്ത് ശക്തി തിരിച്ചു പിടിച്ചെന്നാണ് സിപിഎം പറയുന്നത്. പാർട്ടി വിട്ടവരില്‍ ഏറെ പേരും തിരിച്ചെത്തി. 2010ന് ശേഷം ഒരോ തവണയും സീറ്റും വർധിപ്പിച്ചു. ഇത്തവണ അധികാരം ഉറപ്പെന്നാണ് വിലയിരുത്തല്‍. ജനതാദള്‍, മുന്നണിയിലെത്തിയതോടെ ഏറാമലയും കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. എംപിയും എംഎല്‍എയും നഷ്ടമായ സിപിഎമ്മിന് ഇത്തവണ അഭിമാനപോരാട്ടമാണ് ഒഞ്ചിയം. തദ്ദേശ പോരില്‍ വടക്കൻ പയറ്റിന്റെ ചൂടും ചൂരും ഏറെ കാണാം ഇവിടെ. പുറത്തെടുക്കാൻ കടത്തനാടൻ അടവുകള്‍ ഏറെയുണ്ട് പാർട്ടികളുടെ കയ്യിലും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക