ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ‘പൊറോട്ടയും ബീഫും’ ആരോപണം ആവർത്തിച്ച്‌ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനകദുർഗ്ഗയെയും ശബരിമലയിലെത്തിച്ചത് എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, തനിക്കെതിരെ നടക്കുന്നത് സി.പി.എം. സൈബർ സംഘത്തിൻ്റെ വർഗീയ ആക്രമണമാണ് എന്നും പറഞ്ഞ അദ്ദേഹം, എന്തിനെയും ഏതിനെയും വർഗീയവത്കരിക്കുകയെന്നതാണ് സി.പി.എം. നയമെന്നും വിമർശിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും ചർച്ചയായതില്‍ സന്തോഷമുണ്ട് എന്നും, ഇത് ഭക്തർക്കുണ്ടായ വേദനയുടെ ഓർമ്മപ്പെടുത്തലാണ് എന്നും പറഞ്ഞ അദ്ദേഹം 2018-ല്‍ സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി ക്രമീകരണം ഒരുക്കിയെന്നും രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർ പോലീസ് അകമ്ബടിയോടുകൂടിയാണ് എത്തിയത് എന്നും കൂട്ടിച്ചേർത്തു.കോട്ടയത്ത് പോലീസ് ക്ലബ്ബില്‍ വെച്ച്‌ പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നല്‍കിയെന്ന് ആദ്യം പറഞ്ഞത് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് എന്നും, സീനിയർ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അത് പറഞ്ഞത് എന്നും പറഞ്ഞ എം പി, സ്ത്രീകളെ ശബരിമലയില്‍ കയറ്റിയവർ തന്നെ ‘ആഗോള അയ്യപ്പ സംഗമം’ നടത്തുന്നത് വിരോധാഭാസമാണ് എന്നും ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരായ സൈബർ ആക്രമണത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള കെട്ടുറപ്പിലാണ് ഇപ്പോഴുള്ളതെന്നും ഘടകകക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണം പിടിക്കാനായി ഒറ്റമനസ്സോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. താൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് സി.പി.എം. നടത്തുന്ന പ്രചാരണമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക