വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പുകളില്‍ വലിയ ചർച്ചയാകുന്നു.തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ സംഗമത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രസംഗ മധ്യേ കേന്ദ്രമന്ത്രി സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പരാമർശിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താരം വേദി വിട്ടതെന്നാണ് റിപ്പോർട്ടുകള്‍.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്രീലേഖ എഴുന്നേറ്റു പോയത്. തുടർന്ന് മുതിർന്ന നേതാക്കള്‍ ഇടപെട്ട് ഇവരെ അനുനയിപ്പിച്ച് തിരികെ എത്തിക്കുകയായിരുന്നു. എന്നാല്‍ താൻ ഇറങ്ങിപ്പോയി എന്ന വാർത്ത ശ്രീലേഖ നിഷേധിച്ചു.
തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തതുകൊണ്ട് മാധ്യമങ്ങള്‍ തെറ്റായ വാർത്തകള്‍ സൃഷ്ടിക്കുകയാണെന്നും സഹപ്രവർത്തകനോട് സംസാരിച്ച വ്യക്തിപരമായ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്നും അവർ പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങള്‍ പാർട്ടിക്കുള്ളില്‍ പറയുമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

















