പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോള്‍ അനുവദിച്ചു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി സജി സി. ജോർജ്, ഏഴാം പ്രതി എ. അശ്വിൻ എന്നിവർക്ക് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചു. അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്ബോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്ബതുമായിരുന്നു പ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൈംബ്രാഞ്ച് അന്വേഷണം പൂ‍ര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവർത്തിച്ച സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ചും സിബിഐ അന്വേഷണം ശരിവച്ചിട്ടും അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സർക്കാർ നല്‍കിയ അപ്പീല്‍ തള്ളിയ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവുണ്ട്. സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രിംകോടതി വരെ പോയവരാണ് പ്രതികളെന്നും ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം.24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുന്‍ ഉദുമ എംഎല്‍എയും പാര്‍ട്ടി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്. കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. പീതാംബരൻ ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സിപിഐഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പ്രതികളായ കേസില്‍ 2022 ഏപ്രില്‍ 27നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.

പെരിയ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ശരത് ലാലിന് യുവാക്കള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. പീതാംബരനെ ശരത് ലാല്‍ മർദ്ദിച്ചതിന് ശേഷമാണ് ഗൂഡാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലം പ്രയോഗിച്ച്‌ പിടിച്ചുകൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെ നിലവില്‍ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെടെ രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക