വാഹന സംസ്കാരത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ഇഷ്ട വാഹനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം ഫാൻസി രജിസ്ട്രേഷൻ നമ്ബറുകള്‍ക്കായി മലയാളികള്‍ ലക്ഷങ്ങളാണ് ഇപ്പോള്‍ മുടക്കുന്നത്. കോഴിക്കോട് പേരാമ്ബ്ര ആർടിഒയില്‍ നടന്ന ഫാൻസി നമ്ബറിന്റെ ലേലം ഇതിനോടകം വാർത്തകളില്‍ ഇടംനേടി. ‘KL 77 E 7777’ എന്ന നമ്ബർ സ്വന്തമാക്കാൻ കുറ്റ്യാടി സ്വദേശിനി സഫ്ന 10.10 ലക്ഷം രൂപയാണ് ചെലവഴിച്ചത്.പുതിയ ഇന്നോവ ക്രിസ്റ്റ പ്രീമിയം എംപിവിക്ക് വേണ്ടിയാണ് സഫ്ന ഈ ഭീമമായ തുക മുടക്കിയത്.
പേരാമ്ബ്ര ജോയിന്റ് ആർടി ഓഫീസ് നിലവില്‍ വന്നതിന് ശേഷം ഇത്രയും വലിയ തുകയ്ക്ക് ഒരു നമ്ബർ ലേലത്തില്‍ പോകുന്നതും ഇത് ആദ്യമാണ്. ഇതിന് മുമ്ബ് ‘KL 77 D 7777’ എന്ന നമ്ബർ 3.60 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ജിതിൻ രുദ്ര മുഖാന്തിരമാണ് ലേലത്തില്‍ സഫ്ന പങ്കെടുത്തത്. അവസാന ഘട്ടം വരെ മൂന്ന് പേർ വാശിയോടെ മത്സരിച്ചു. പ്രശസ്ത ഗായകൻ എംജി ശ്രീകുമാറും ഈ നമ്ബറിനായി ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
എംജി ശ്രീകുമാർ അടുത്തിടെ സ്വന്തമാക്കിയ മെർസിഡീസ് ബെൻസ് E-ക്ലാസ് 220d യ്ക്ക് വേണ്ടിയാണ് ലേലത്തില്‍ പങ്കെടുത്തത്. കോഴിക്കോട്ടെ ബ്രിഡ്ജ്വേ മെർസിഡീസ് ഡീലർഷിപ്പില്‍ നിന്നാണ് വെള്ള നിറത്തിലുള്ള ഈ കാർ വാങ്ങിയത്. ഭാര്യയുടെ പേരിലുള്ള 2020 മോഡല്‍ ബെൻസും 2013 മോഡല്‍ ഔഡിയും വിറ്റാണ് പുതിയ കാർ വാങ്ങിയതെന്ന് എംജി മാധ്യമങ്ങളോട് പറഞ്ഞു. ‘7777’ എന്ന നമ്ബർ ലഭിക്കുമോ എന്ന് നോക്കുന്നതായും, അല്ലെങ്കില്‍ ഒരു ‘7’ എങ്കിലും വേണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, വാശിയേറിയ ലേലത്തില്‍ സഫ്നയ്ക്കായിരുന്നു നമ്ബർ സ്വന്തമാക്കാൻ കഴിഞ്ഞത്.

















