നടന്‍ വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച്‌ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍ തെളിഞ്ഞു. വിജയ് ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നും ഫലം വ്യക്തമാക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ജനകീയത മെച്ചപ്പെടുത്താന്‍ വിജയ് സംസ്ഥാനതല പര്യടനം പ്രഖ്യാപിച്ചിരുന്നു. മൂന്നാഴ്ച പര്യടനം കടന്നുപോയ വേളയിലാണ് കരൂരില്‍ ദുരന്തമുണ്ടായതും 41 പേര്‍ മരിച്ചതും. ഈ സംഭവം വിജയുടെ ജനപ്രീതിക്ക് കോട്ടം തട്ടിച്ചോ, ഡിഎംകെക്ക് അനുകൂലമായ തരംഗമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരുന്നു ഡിഎംകെ രഹസ്യ സര്‍വ്വെ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള ദിവസങ്ങളിലാണ് തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും സര്‍വ്വെ സംഘടിപ്പിച്ചത്. ഡിഎംകെയുടെ എല്ലാ നേതാക്കളും അറിഞ്ഞുകൊണ്ടായിരുന്നില്ല സര്‍വ്വെ. പാര്‍ട്ടിയുമായി അടുപ്പമുള്ള ഏജന്‍സിയെ ആണ് സര്‍വ്വെക്ക് നിയോഗിച്ചത്. ഓരോ മണ്ഡലത്തിലും 1245 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തുടനീളം മൂന്ന് ലക്ഷത്തോളം പേരില്‍ നിന്നായി വിവരങ്ങള്‍ ശേഖരിച്ചു. വിജയുടെ ടിവികെ, അണ്ണാഡിഎംകെ, ബിജെപി എന്നിവര്‍ സഖ്യം ചേര്‍ന്ന് മല്‍സരിച്ചാല്‍ ഈ മുന്നണിക്ക് 35 ശതമാനം വോട്ട് മാത്രമാണ് കിട്ടുക എന്നാണ് ഫലം. ഡിഎംകെ 50 ശതമാനം വോട്ട് നേടി അധികാരത്തിലേക്ക് വരുമെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു. സീമാന്റെ പാര്‍ട്ടി 10 ശതമാനം വോട്ട് നേടും.

വിജയ് തനിച്ചുമല്‍സരിച്ചാല്‍ എന്തുസംഭവിക്കും?

ടിവികെ തനിച്ചാണ് മല്‍സരിക്കുന്നതെങ്കില്‍ ചിത്രം മാറും. ഡിഎംകെയുടെ വോട്ട് വിഹിതം 45 ശതമാനമായി കുറയും. വിജയുടെ പാര്‍ട്ടി 23 ശതമാനം വോട്ട് പിടിക്കും. അണ്ണാഡിഎംകെ-ബിജെപി സഖ്യം 22 ശതമാനം വോട്ടുകള്‍ നേടും. സീമാന്റെ എന്‍ടികെ പാര്‍ട്ടിക്ക് 5 ശതമാനം വോട്ടായിരിക്കും ഈ ഘട്ടത്തില്‍ കിട്ടുക. എല്ലാ പാര്‍ട്ടിയില്‍ നിന്നും വോട്ട് ടിവികെയിലേക്ക് പോകുമെന്നും ഫലം വ്യക്തമാക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തന്നെ അധികാരം പിടിക്കുമെന്നാണ് ഫലം. എന്നാല്‍ വിജയ് ശക്തനായ എതിരാളിയായി വരും. ആദ്യ മല്‍സരത്തില്‍ 23 ശതമാനം വോട്ട് പിടിക്കുക എന്നത് നിസാരമല്ല. പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെക്ക് ഒപ്പം ടിവികെ എത്താനുള്ള സാധ്യത തള്ളാനാകില്ല. ടിവികെ-അണ്ണാഡിഎംകെ സഖ്യം വന്നാല്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ മറ്റൊരു സര്‍വ്വെ ഡിഎംകെ നടത്തിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക