വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഭരണമുന്നണി പുനസ്ഥാപിച്ചു. വിദേശത്തുള്ള കൗൺസിലർ അയച്ച ഇമെയിൽ പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് വിശദീകരിക്കുന്നവർ യഥാർത്ഥത്തിൽ ഭർത്താവിൻറെ ശവസംസ്കാരം നടത്തുവാൻ വിദേശത്ത് പണപ്പിരിവ് നടത്തേണ്ട ഗതികേടിലേക്ക് കൗൺസിലറെ തള്ളിവിട്ടവരാണെന്നുള്ളതാണ് വിരോധാഭാസം.

വിദേശത്തേക്ക് കെയർ ഹോം വിസയിൽ ജോലിക്ക് പോയ കൗൺസിലറെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് തിരികെ എത്തിച്ച മാണി ഗ്രൂപ്പിൻറെ സമ്മർദ്ദ തന്ത്രങ്ങൾ ഒടുവിൽ അവരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിന് വഴിവെച്ചിരുന്നു. ഇത് പുറത്തുവന്നത് പാലാ നഗരസഭാ വനിതാ കൗൺസിലരായ ആർ സന്ധ്യ തന്നെ പങ്കുവെച്ച വോയിസ് ക്ലിപ്പുകളിലൂടെയാണ്. ഇതിനിടയിൽ ഇവരുടെ ഭർത്താവ് വിദേശത്ത് വച്ച് മരണപ്പെടുകയും ചെയ്തതോടെ ഇവരുടെ ഡിപെൻഡന്റ് വിസയും റദ്ദായി. ഭർത്താവിൻറെ ശവസംസ്കാരം നടത്തുവാനുള്ള പണത്തിനുവേണ്ടി യുകെയിൽ ക്രൗഡ് ഫണ്ടിങ് നടത്തുകയാണ് ഇവർ എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വിസ റദ്ദായതോടെ അഭയാർത്ഥിയായി രാജ്യത്ത് തുടരുവാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്ന വനിതാ കൗൺസിലർക്ക് ഉടനടിയൊന്നും നാട്ടിലേക്ക് നിയമാനുസൃതം തിരികെ എത്തുവാൻ ഉള്ള മാർഗങ്ങൾ ഇല്ല എന്നതാണ് യാഥാർത്ഥ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യക്തിപരമായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇവർ വിദേശത്തേക്ക് ജോലിക്ക് പോയത് കൗൺസിലർ പദവി രാജിവെക്കാതെയാണ്. പദവി രാജിവെക്കുവാൻ ഇവർ ആലോചിച്ചിരുന്നുവെങ്കിലും ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭരണമുന്നണിയുടെ ഭയമായിരുന്നു രാജിക്ക് അനുവാദം നൽകാതിരുന്നതിന് കാരണം. എന്നാൽ ആറുമാസത്തിലധികം അവധി നീണ്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമാനുസൃതം നടപടിയെടുത്ത് ഇവരുടെ പദവി റദ്ദാക്കുകയായിരുന്നു. നിയമത്തിലെ പഴുതുപയോഗിച്ച് ഇവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കൗൺസിലിൽ ഭൂരിപക്ഷ തീരുമാനപ്രകാരം എന്നാൽ ഇവരുടെ പദവി പുനസ്ഥാപിക്കുവാൻ ഭരണസമിതിക്ക് കഴിഞ്ഞു.

യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറും, പ്രതിപക്ഷ നേതാവുമായ പ്രൊഫസർ സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ ഭരണസമിതിയുടെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷവും സമാന അഭിപ്രായം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് കൗൺസിലറും മുൻ ചെയർമാനുമായ ഷാജു തുരുത്തനും രംഗത്തെത്തി. ജനസേവനം നടത്തുന്ന ജനപ്രതിനിധിയുടെ അഭാവത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട നിലപാട് റദ്ദ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് നിലപാടിലായിരുന്നു പ്രതിപക്ഷം. കൗൺസിലർ പദവി ഉപേക്ഷിച്ച് വിദേശ ജോലിക്കായി പോയ ഒരു വ്യക്തിയെ എന്തിനുവേണ്ടി പദവിയിൽ തുടരാൻ അനുവദിക്കുന്നു എന്നും, ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മനുഷ്യത്വത്തിന്റെ വിഷയം അല്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മനുഷ്യത്വത്തിന്റെ പേരിലാണെങ്കിൽ അവരുടെ ഭർത്താവിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്തുകൊടുക്കാതെ കൈ കഴുകിയവർ ഇപ്പോൾ ഒഴുക്കുന്നത് മീതലക്കണ്ണീർ ആണെന്ന് നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. മനുഷ്യത്വത്തെ കുറിച്ച് പറയുന്നവർ കൗൺസിലറുടെ ഭർത്താവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ എങ്കിലും തയ്യാറാകണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് ഉയർത്തി. പ്രതിപക്ഷ നേതാവ് വിഷയം ഉയർത്തിയതോടെ അനുശോചനം നടത്താത്തതിനുള്ള ജാള്യത മറച്ചുവെക്കാൻ ഓൺലൈൻ മാധ്യമത്തെ കൂട്ടുപിടിച്ച് പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി ഇരു വള്ളത്തിലും കാല് ചവിട്ടുന്ന നിലപാട് സ്വീകരിച്ചു എന്ന് വ്യാജ വാർത്തയും ഭരണ മുന്നണി പടച്ചുവിട്ടു. കാര്യം കണ്ട ശേഷം തിരിഞ്ഞു നോക്കാത്തവരാണ് ഭരണപക്ഷ അംഗങ്ങൾ എന്ന സഹപ്രവർത്തകയായ വനിതാ കൗൺസിലറുടെ വോയിസ് ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക