സാക്ഷാല്‍ പിണറായി വിജയനേയും സിപിഎമ്മിനേയും ആവോളം തെറി പറഞ്ഞ് പുറത്തിറങ്ങിയ അന്‍വര്‍ സ്വപ്‌നം കണ്ടത് സുഗമമായ യുഡിഎഫ് പ്രവേശനം. എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് എന്ന അനുകൂല സാഹചര്യം സൃഷ്ടിച്ച് തന്റെ എല്ലാ ഡിമാന്റുകളും യുഡിഎഫിനു മേല്‍ അടിച്ചേല്‍പ്പിച്ച് ഒരു രാജകീയ എന്‍ട്രിയാണ് അന്‍വര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ നീക്കം അപ്പാടെ പാളി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിന്റെ കാര്യത്തില്‍ പ്രത്യേക കരുതലെടുത്തു. ഇതിന്റെ അന്ത്യത്തില്‍ അന്‍വര്‍ രാഷ്ട്രീയ വനവാസത്തിന്റെ നിലയിലേക്ക് എത്തിയിരിക്കുകയാണ്.
സിപിഎമ്മിനൊപ്പം നിന്ന സമയത്ത് ആര്‍ക്കെതിരേയും ഒരു അടിസ്ഥാനവുമില്ലാതെ ആരോപണം ഉന്നയിച്ചും എതിരാളികളെ ഭരണത്തിന്റെ സ്വാധീനത്തില്‍ വേട്ടയാടിയുമാണ് അന്‍വര്‍ മുന്നോട്ടു പോയത്. സൈബര്‍ സഖാക്കളുടെ കടന്നല്‍ രാജയായി വിലസി. പെട്ടന്ന് ഒരു ദിവസം എല്ലാം മാറി. പിതാവിനെ പോലെ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അതിരൂക്ഷമായ വിമര്‍ശനം. ഒപ്പം അല്പ്പം മുസ്ലിം വര്‍ഗീയതയും വിളമ്ബി കളംനിറഞ്ഞു. ഈ സമയത്ത് യുഡിഎഫിലെ മുസ്ലിം ലീഗ് അടക്കമുളള ഘടകക്ഷികള്‍ അന്‍വറിന് പിന്തുണയ്ക്കണം എന്ന അഭിപ്രായത്തിലായിരുന്നു.
എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആദ്യം മുതല്‍ തന്നെ കരുതലില്‍ ആയിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ചതോടെ തന്നെ അന്‍വറിനെ സതീശന്‍ വെട്ടി. ഇതിനിടയിലാണ് വന്യമൃഗ ആക്രമണത്തിന്റെ പേരിലെ പ്രതിഷേധവും അന്‍വറിന്റെ ജയില്‍വാസവും. ഇതോടെയാണ് മുറിഞ്ഞു പോയ ചര്‍ച്ചകള്‍ ലീഗിന്റെ ഇടപെടലില്‍ വീണ്ടും തുടങ്ങിയത്. എംഎല്‍എ സ്ഥാനം രാജിവച്ചതിന് പിന്നാലെ നിലമ്ബൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് അന്‍വര്‍ ആവശ്യപ്പെട്ടതു മുതല്‍ തന്നെ സതീശന്‍ കടുത്ത നിലപാടിലേക്ക് പോയി. വ്യക്ത വിരോധത്തിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെ നാടുനീളെ നടന്ന് അധിക്ഷേപിച്ചതോടെ തന്നെ അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം ആയതാണ്.
ഉപതിരഞ്ഞെടുപ്പ് വരുമ്ബോള്‍ സതീശന്‍ വഴങ്ങും എന്നായിരുന്നു അന്‍വറിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ അത് പൂര്‍ണ്ണമായി തെറ്റി.ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ സതീശന്‍ ബുദ്ധിപരമായി ആയുധമാക്കി. അന്‍വറിനെ ഒരു രീതിയിലും ആക്രമിക്കാതെ സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് പിന്‍വലിക്കണം, നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. ഈ നിലപാടില്‍ ഉറച്ച് നിന്നു.
എന്നാല്‍ അന്‍വറിനെ പോലെ ഒരാള്‍ക്ക് ഇത് ആലോചിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ലീഗിനെ ഇറക്കിയുള്ള ചില അനുനയന നീക്കം നടത്തിയെങ്കിലും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം അവിടേയും പ്രതിസന്ധിയായി. വീണ് കിട്ടിയ ആയുധം സമര്‍ത്ഥമായി ഉപയോഗിച്ച സതീശന്റെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് അന്‍വറിനെ വീട്ടിലിരുത്തിയത്.
മുന്നണിയിൽ എടുത്താലും അനാവശ്യ സമ്മർദ്ദങ്ങളും വിലപേശലുമായി അൻവർ മുന്നോട്ടുപോകുമെന്ന തിരിച്ചറിവാണ് വി ഡി സതീശനെ ഇത്തരത്തിൽ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. അൻവറിന്റെ കൂടെക്കൂടെയുള്ള നിലപാട് മാറ്റങ്ങൾ യുഡിഎഫ് മുന്നണിയുടെ വിശ്വാസ്യത തകർക്കുമോ എന്നും അദ്ദേഹം ആശങ്കപ്പെട്ടു. കോൺഗ്രസിനെയും യുഡിഎഫിനെയും വിരട്ടി കാര്യം കണ്ടു എന്ന നിലയിൽ അൻവറിനെ വിലസാൻ അനുവദിക്കേണ്ട എന്ന് തീരുമാനം അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ നേതാവ് കൈക്കൊണ്ടത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ പലവിധ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് തന്റെ നിലപാട് അംഗീകരിപ്പിക്കാനും സതീശന് സാധിച്ചു. നിലമ്പൂരിൽ ഒരു മഹാവിജയം ഉണ്ടായാൽ ചോദ്യം ചെയ്യപ്പെടാൻ ആവാത്ത നേതാവായി ൾ ഉയർന്നു വരികയും മറിച്ച് പരാജയം ഉണ്ടായാൽ തല ഉരുളുകയും ചെയ്യും തിരിച്ചറിവോടുകൂടി തന്നെയാണ് സതീശൻ ഇത്തരത്തിൽ ഒരു നിലപാട് എടുത്തത് എന്നും തിരിച്ചറിയേണ്ടതുണ്ട്.

















