പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ ആർ, ഭാര്യയും സിറ്റിംഗ് കൗൺസിലറുമായ മായാ രാഹുൽ എന്നിവരാണ് പാർട്ടിക്ക് എതിരെ വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാനതല നേതാക്കൾ വരെ ഇടപെട്ടിട്ടും വഴങ്ങാതെ റിബലായി മത്സരത്തിൽ ഇറങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ ജോസ് കെ മാണിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നഗരസഭയിലെ 19 ആം വാർഡിൽ നിന്നുള്ള കൗൺസിലർ ആണ് നിലവിൽ മായാ രാഹുൽ. വനിതാ സംവരണമായിരുന്ന ഈ വാർഡ് ജനറൽ ആയതോടെ കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനും പത്തൊമ്പതാം വാർഡിലെ മുൻ കൗൺസിലറും ഇപ്പോൾ പതിനെട്ടാം വാർഡിലെ കൗൺസിലറുമായ പ്രൊഫ. സതീശ് ചൊള്ളാനിക്കാണ് ഇത്തവണ കോൺഗ്രസ് ടിക്കറ്റ് നൽകിയത്. മായക്ക് പകരമായി തൊട്ടടുത്ത വനിതാ സംവരണ വാർഡ് ആയ പതിനെട്ടാം വാർഡിൽ സ്ഥാനാർത്ഥിത്ത്വവും വാഗ്ദാനം ചെയ്തു. എന്നാൽ മായയും ഭർത്താവായ രാഹുലും തങ്ങൾക്ക് 19 ആം വാർഡിൽ തന്നെ സ്ഥാനാർത്ഥിത്വം വേണമെന്ന് വാശി പിടിക്കുകയായിരുന്നു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മായക്ക് പത്തൊമ്പതാം വാർഡ് മത്സരത്തിനായി നൽകിയപ്പോൾ തന്നെ 2025ൽ രാഹുലോ മായയോ പത്തൊമ്പതാം വാർഡ് ജനറൽ സീറ്റ് ആയാൽ അവകാശവാദം ഉന്നയിക്കില്ല എന്ന് ഡിസിസി അധ്യക്ഷനുമായി സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതി തയ്യാറാക്കിയിരുന്നു. ഇതു പോലും കാറ്റിൽ പറത്തിയാണ് ഇപ്പോഴുള്ള ഈ വിമതനീക്കം. കോൺഗ്രസ് പാർട്ടിയുടെ വിജയസാധ്യതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തുവാൻ ജോസ് കെ മാണിയുമായി ഉണ്ടാക്കിയ രഹസ്യധാരണ പ്രകാരമാണ് ഇത്തരം ഒരു വിമതനീതത്തിന് ഇവർ തയ്യാറായതെന്നും പറയപ്പെടുന്നു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴക്കൻ, ജോസി സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെടെ നടത്തിയ അനുനയെ നീക്കങ്ങൾ കാറ്റിൽ പറത്തിയാണ് ഇവരുടെ പാർട്ടിക്കെതിരെയുള്ള ഈ നീക്കം. അധികാരത്തിലെത്തിയാൽ ആദ്യ ടേമിൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തിട്ടും ഇവർ വഴങ്ങാൻ കൂട്ടാക്കിയില്ല. ഔദ്യോഗിക സ്ഥാനാർത്ഥിയായി സതീശ് ചൊള്ളാനിയെ പ്രഖ്യാപിച്ച് അരമണിക്കൂറിനകം വിമത സ്ഥാനാർത്ഥിത്വം വിളംബരം ചെയ്ത് വാർഡിൽ ഉടനീളം ഇവർ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിൽ നിന്നു തന്നെ മത്സരിക്കുവാൻ തീരുമാനിച്ചുറപ്പിച്ചാണ് ഇവർ കരു നീക്കിയത് എന്ന് വ്യക്തം.


















