കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുമ്ബോഴും മുഖ്യമന്ത്രിയുടെ മകള്‍ വരെ കമ്ബനി നടത്തുന്നത് കേരളത്തിന് പുറത്താണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ.മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രിയും ഭർത്താവ് മന്ത്രിയും വീണയെ സംരക്ഷിക്കുകയാണ്. സിപിഎം അഴിമതിയുടെ കറപുരണ്ടിരിക്കുന്ന പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനോട് മാത്രമാണ് സിപിഎമ്മിന് പ്രതിബദ്ധത. മുഖ്യമന്ത്രി അറിയാതെ ഒരു ചില്ലി കാശുപോലും വീണ വീട്ടിലേക്ക് കൊണ്ടുവരില്ല. കെഎസ്‌ഐഡിസിയെ കൊണ്ടുവന്നത് കരിമണല്‍ കർത്തയ്‌ക്ക് വേണ്ടിയാണ്. സിഎംആർഎല്ലില്‍ നിന്നും 13ശതമാനം ഓഹരി കെഎസ്‌ഐഡിസി വാങ്ങിയതിലൂടെ 180 കോടി നഷ്ടമുണ്ടായി. ഇതിനെ കുറിച്ച് ഒരു അന്വേഷണമില്ല.
പ്രമുഖനായ മറ്റൊരു നേതാവിനും വലിയ തുക കർത്തയുടെ കമ്ബനിയില്‍ നിന്നും കിട്ടിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മകള്‍ വരെ കമ്ബനി നടത്തുന്നത് കേരളത്തിന് പുറത്താണ്. കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയൻ മാറി നില്‍ക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്. പ്രതിപക്ഷം ഇതില്‍ പ്രതികരിക്കാത്തത് അവർക്കും മാസപ്പടിയില്‍ പങ്കുള്ളതുകൊണ്ടാണ്.
എകെ ആന്റണിയുടെ കാലത്താണ് കരിമണല്‍ ഖനനത്തിന് ആദ്യമായി കരാർ ഉണ്ടാക്കുന്നത്. ഇതില്‍ വലിയ അന്യായം നടന്നിട്ടുണ്ട്. ദീർഘകാലം ജോണ്‍ മത്തായി ഇൻഡസ്ട്രിയല്‍ ആന്റ് മൈനിംഗ് കമ്മിറ്റിയുടെ തലപ്പത്തിരുന്നു. പിന്നീട് ബാലകൃഷ്ണപിള്ളയുടെ മരുമകൻ ടി.ബാലകൃഷ്ണൻ 15 വർഷക്കാലം ഈ ചുമതലയിലിരുന്നു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചപ്പോള്‍ എങ്ങനെയാണ് ബാലകൃഷ്ണന് ഈ പദവിയിലിരിക്കാൻ സാധിച്ചത്. അതിന് ശേഷവും ബാലകൃഷ്ണന് നല്ല പദവി സർക്കാർ നല്‍കി. വർഷങ്ങളായി മൈനിംങ്ങിന്റെ പേരില്‍ വലിയ തട്ടിപ്പാണ് ഭരണ- പ്രതിപക്ഷ നേതാക്കള്‍ നടത്തിയത്. പരസ്പര സഹകരണ സംഘങ്ങളായാണ് രണ്ട് മുന്നണികളും പ്രവർത്തിച്ചത്.
കഴിഞ്ഞ 10 വർഷമായി കേരളത്തിന് നരേന്ദ്രമോദി സർക്കാർ നല്‍കിയ ഫണ്ടിനെ കുറിച്ച് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ? മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ നടക്കുന്നില്ല. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പോലും നടക്കുന്നില്ല. എല്ലാം ഇടത് സർക്കാർ അട്ടിമറിക്കുകയാണ്. കേരളത്തിലെ ആശുപത്രികളില്‍ ഒരു സംവിധാനവുമില്ല. കേന്ദ്രം നല്‍കുന്ന ഫണ്ട് എന്തുകൊണ്ടാണ് ചിലവഴിക്കാത്തത്? കേന്ദ്ര അവഗണനയെന്ന് പറയുന്നത് കള്ളമാണ്. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടല്ലോ എന്നിട്ട് എന്തുകൊണ്ടാണ് കിട്ടാനുള്ള പണത്തിന് വേണ്ടി ചോദിക്കാതിരുന്നത്? അപ്പോള്‍ എല്ലാം കിട്ടിയെന്ന് മുഖ്യമന്ത്രിക്കറിയാം. എന്നിട്ട് ജനങ്ങളെ പറ്റിക്കുന്ന ഈ ഏർപ്പാട് നിർത്തണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല അഴിമതിയില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് കേരളജനത ദാഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തെ വെല്ലുവിളിച്ചുകൊണ്ട് കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ അവർ പറഞ്ഞു.

















