തിരുനക്കരയില്‍ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിനിടെ കത്തിക്കുത്തും കുരുമുളക് സ്പ്രേ പ്രയോഗവുമുണ്ടായി.തിരുനക്കര ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് ഗാനമേളകള്‍ നടന്നിരുന്നു. ഈ മൂന്ന് ദിവസവും ലഹരി ഉപയോഗിച്ച യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഇന്നലെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഘം വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ ആറ് പേർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്. മൂന്നു പേർക്ക് കത്തിക്കുത്തേറ്റിട്ടുണ്ട്. ഇടുക്കി ശാന്തൻപാറ സ്വദേശി ഹരിശങ്കർ, പൂന്തുരുത്ത് സ്വദേശി അലോഷി, പാക്കല്‍ സ്വദേശി ഹാരോണ്‍ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ മെഡി. കോളജില്‍ ചികിത്സയിലാണ്.
പലർക്കും ഹെല്‍മറ്റും മറ്റും കൊണ്ടുള്ള അടിയേറ്റും പരിക്കേറ്റു. ഉത്സവത്തില്‍ പാട്ടിനൊപ്പം തുള്ളുമ്ബോള്‍ ശരീരത്തില്‍ തട്ടുന്നതുള്‍പ്പെടെയുള്ള നിസാര കാര്യങ്ങള്‍ക്കാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പ്രതികരിച്ചു.

















