ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ്- മുംബയ് ഇന്ത്യൻസ് ഐ.പി,എല്‍ മത്സരം ഒരു പുത്തൻ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്.സീസണിലെ ആദ്യമത്സരത്തില്‍ ഇംപാക്‌ട് പ്ലേയറായി എത്തിയ പെരിന്തല്‍മണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ ചെന്നൈയുടെ മൂന്നു വിക്കറ്റുകള്‍ നേടിയാണ് താരമായത്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് വിഘ്നേഷ് മൂന്നു വിക്കറ്റുകള്‍ നേടിയത്.

ചെന്നൈ നായകൻ ‍ഋതുരാദ് ഗെയ്‌ക്വാദ്, ശിവം ദുബെ, ദീപക് ഹുഡ എന്നിവരാണ് വിഘ്നേഷിന് മുന്നില്‍ വീണത്. മത്സരത്തില്‍ മുംബയ് തോറ്റെങ്കിലും വിഘ്നേഷിന്റെ പ്രകടനം മുൻ ഇന്ത്യൻ നായകൻ ധോണിയുടെ പ്രശംസ വരെ ഏറ്റുവാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബയ് ഇന്ത്യൻസിന്റെ ഡ്രംസിംഗ് റൂമില്‍ സഹകളിക്കാർ വിഘ്നേഷിനെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. ടീം ഉടമ നിത അംബാനിയും വിഘ്നേഷിന് പ്രത്യേകമായി ആദരം നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി. മുംബയ് കളിക്കാർക്കിടയില്‍ നിന്ന് വിഘ്നേഷിനെ നിത അംബാനി പ്രത്യേകമായി വിളിച്ച്‌ ആദരിക്കുകയായിരുന്നു. വിഘ്നേഷ് എവിടെ എന്ന് ചോദിച്ച്‌ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷം താരത്തിന്റെ ജഴ്സിയില്‍ പ്രത്യേകമായ ഒരു പിൻ പതിപ്പിക്കുകയായിരുന്നു നിത ചെയ്തത്.

മത്സരത്തിലെ മുംബയുടെ ഏറ്റവും മികച്ച ബൗളർക്കുള്ള പുരസ്കാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ് പിൻ പതിപ്പിച്ചത്. തനിക്ക് കളിക്കാൻ അവസരം തന്നതിന് വിഘ്നേഷ് മുംബയ് ടീമിന് നന്ദി അറിയിച്ചു. മത്സരത്തിലുടനീളം സമ്മർദ്ദം തരാതെ കൂടെ നിന്ന സൂര്യകുമാർ യാദവിനും വിഘ്നേഷ് നന്ദി പറഞ്ഞു.

ഇടംകൈ റിസ്‌റ്റ് സ്‌പിന്നറാണ് വിഘ്‌നേഷ് പുത്തൂർ. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനാണ് . ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളില്‍ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിച്ചു. പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.

ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേഷിനെ മുംബയ് ടീമിലെത്തിച്ചത്. കെ.സി.എല്‍ മത്സരങ്ങള്‍ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ടിംഗ് കോച്ചാണ് ട്രയല്‍സിനെത്താൻ ആവശ്യപ്പെട്ടത്. അന്ന് ട്രയല്‍സിലെ ബൗളിംഗ് വളരെയേറെ ഇഷ്ടപ്പെട്ടതായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നെങ്കിലും ടീമിലെടുക്കുമെന്ന് കരുതിയില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക