സ്വകാര്യ ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ഏഴിക്കര പുളിക്കത്തറ സിബി (40) മരിച്ചു.സംഭവത്തില്‍ ബസ് ഡ്രൈവർ ചെറായി ഗൗരീശ്വരം പടന്നപ്പറമ്പില്‍ ആയുഷി(23)നെ പറവൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലയച്ചു.
കഴിഞ്ഞ 12ന് വൈകുന്നേര മായിരുന്നു സംഭവം. ബസുകളുടെ സമയക്രമത്തെ ചൊല്ലി സിബിയും ആയുഷും തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് വാക്കുതർക്കത്തിലേക്ക് വഴിമാറുകയും തർക്കത്തിനിടെ ആയുഷ് ശക്തിയായി തള്ളിയതിനെ തുടർന്ന് സമീപത്തെ കോണ്‍ക്രീറ്റ് സ്ലാബിലേക്ക് സിബി തലയിടിച്ചു വീഴുകയുമായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ സിബിയെ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലും പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെയാണ് മരിച്ചത്.പോസ്റ്റ്മോർട്ടത്തിന് ശേഷം സിബിയുടെ മൃതദേഹം സംസ്കരിച്ചു. അച്ഛൻ: തമ്പി. അമ്മ: രമ. സഹോദരി: സിജി.
ബസിന്റെ ചില്ല് തകർത്തു
പറവൂർ : ബസ് ഡ്രൈവർ സിബിയുടെ മരണത്തില്‍ പ്രതിയായ ആയുഷ് ഓടിച്ചിരുന്ന കണ്ണകി എന്ന സ്വകാര്യ ബസിന്റെ ചില്ലുകള്‍ തല്ലിത്തകർത്തു. ഇന്നലെ വൈകിട്ട് ആറരയോടെ പറവൂർ സ്റ്റാൻഡില്‍ ബസ് എത്തിയപ്പോഴാണ് മൂന്നു പേർ ചേർന്ന് മുൻ ഭാഗത്തെ ചില്ലുകള്‍ തകർത്തത്.
സംഭവമറിഞ്ഞ് പറവൂർ പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി. ബസ് സ്റ്റേഷനിലേക്ക് മാറ്റി. പിടിയിലായ മൂന്ന് പേരും സിബിയുടെ സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു.

















