വിഴിഞ്ഞത്ത്‌ ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ്‌ അടിയും ചവിട്ടുമേറ്റ്‌ ആന്തരാവയവങ്ങള്‍ തകര്‍ന്ന്‌ മരിച്ചത്‌.

സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു എസ്‌. ബാബു (24), സഹോദരന്‍ അനന്തു എസ്‌. ബാബു (19) എന്നിവരെ വിഴിഞ്ഞം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അച്ചുവിനൊപ്പം ബാറിലുണ്ടായിരുന്ന ബാലരാമപുരം പുതുച്ചല്‍ തെങ്ങുവിളവീട്ടില്‍ സൂര്യജിത്ത്‌, അനന്തുവിന്റെ സുഹൃത്ത്‌ കോട്ടുകാല്‍ക്കോണം കുഴിവിള പുത്തന്‍വീട്ടില്‍ കൃഷ്‌ണപ്രസാദ്‌, സുമന്റെ സുഹൃത്ത്‌ പാച്ചല്ലൂര്‍ സ്വദേശി ലാലുകൃഷ്‌ണന്‍ എന്നിവരെ കസ്‌റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്‌ത്‌ വിട്ടയച്ചതായി പോലീസ്‌ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ബുധനാഴ്‌ച രാത്രി പന്ത്രണ്ടോടെയാണ്‌ നാടിനെ നടുക്കിയ ദാരുണസംഭവം.അച്ചുവും സുഹൃത്ത്‌ സൂര്യജിത്തും രാത്രി പതിനൊന്നരയോടെയാണ്‌ വിഴിഞ്ഞം, മുക്കോലയിലെ ബാറിലെത്തിയത്‌. മദ്യപാനത്തിനിടെ ഫോട്ടോഗ്രാഫറായ ഷാന്‍ എന്നയാളുമായി അച്ചു തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ സുമന്‍ ഇടപെട്ടു. രാത്രി 12-ന്‌ ബാര്‍ അടച്ചതോടെ ഇരുകൂട്ടരും പുറത്തിറങ്ങി. സുമനെ ലക്ഷ്യമിട്ട അച്ചു സഹോദരന്‍ അനന്തുവിനെ ഫോണില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന്‌, ബാറിനു സമീപം ബൈപാസിലെ സര്‍വീസ്‌ റോഡില്‍ നിന്ന സുമനെ അനന്തുവും അച്ചുവും തള്ളിവീഴ്‌ത്തി തല്ലിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ‘കൊല്ലെടാ അവനെ’ എന്നാക്രോശിച്ചായിരുന്നു ആക്രമണം. സുമനൊപ്പം ബാറിലെത്തിയ സുഹൃത്ത്‌ ലാലുകൃഷ്‌ണന്‍ ഇതിനിടെ സ്‌ഥലംവിട്ടു.

ബാര്‍ ജീവനക്കാരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ സ്‌ഥലത്തുണ്ടായിരുന്നെങ്കിലും ആക്രമണം തടയാന്‍ ആരും ശ്രമിച്ചില്ല. സുമന്‍ മൃതപ്രായനായശേഷവും പ്രതികള്‍ മര്‍ദനം തുടര്‍ന്നു. ഒടുവില്‍, ബാറിലെ സുരക്ഷാജീവനക്കാരന്‍ (ബൗണ്‍സര്‍) കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചതോടെയാണ്‌ പ്രതികള്‍ പിരിഞ്ഞോടിയത്‌.

കാര്‍ യാത്രക്കാരനായ ചൊവ്വര സ്വദേശി അഭിലാഷാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌. ആംബുലന്‍സ്‌ കിട്ടാത്തതിനാല്‍ സുമനെ കാറില്‍ കയറ്റി വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക്‌ മരണം സംഭവിച്ചിരുന്നു. തര്‍ക്കത്തിലേര്‍പ്പെട്ട ഷാനുമായോ അതില്‍ ഇടപെട്ട സുമനുമായോ പ്രതികള്‍ക്കു മുന്‍പരിചയമില്ലെന്നു പോലീസ്‌ വ്യക്‌തമാക്കി. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പ്രതികളെ പെട്ടെന്ന്‌ കണ്ടെത്താന്‍ സഹായകമായി. സുമന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഹോട്ടല്‍ ജീവനക്കാരനായ സുമന്‌ ഭാര്യയും മൂന്നുവയസുള്ള കുഞ്ഞുമുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക