പാലാ നഗരസഭയിലെ ഏക സിപിഐ പ്രതിനിധിയാണ് പതിമൂന്നാം വാർഡ് കൗൺസിലർ കൂടിയായ ആർ സന്ധ്യ. ആറുമാസങ്ങളായി ഇവർ യുകെയിലെ കെയർ ഹോമിൽ ലക്ഷങ്ങൾ വാങ്ങി ജോലി ചെയ്യുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഗരസഭയിൽ നിന്ന് ആറുമാസത്തേക്ക് ഇവർ അവധിയും എടുത്തിട്ടുണ്ടായിരുന്നു.

പാർട്ടിയോടും വാർഡിലെ ജനങ്ങളോടും ഒരു വാക്കുപോലും പറയാതെയാണ് സന്ധ്യ നാടുവിട്ടതെന്ന് പരക്കെ ആക്ഷേപവും ഉയർന്നിരുന്നു. ഇങ്ങനെ പല വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായ ആർ സന്ധ്യ ഇന്ന് പുലർച്ചെ പാലായിൽ പറന്നിറങ്ങിയിരിക്കുകയാണ്. വരവിന്റെ ഉദ്ദേശവും വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കേരള കോൺഗ്രസ് എം പ്രതിനിധിയായ പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്ത് തുരുത്തൻ പുറത്തുപോകുന്നു എന്ന് ഉറപ്പുവരുത്താനാണ് സന്ധ്യയുടെ വരവ് എന്നാണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശത്ത് ജോലി ചെയ്യുന്ന സന്ധ്യയുടെ സ്വദേശത്തേക്കുള്ള ഈ ട്രിപ്പ് ഷാജു തുരുത്തനെ പുറത്താക്കി നഗരസഭ അധ്യക്ഷ പദവിയിൽ എത്താൻ ശ്രമിക്കുന്ന തോമസ് പിറ്ററുടെ സ്പോൺസർഷിപ്പിൽ ആണെന്ന് രാഷ്ട്രീയ എതിരാളികളും വിമർശകരും ആരോപണവും ഉയർത്തുന്നുണ്ട്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ളതിനേക്കാളും, ടിക്കറ്റ് നൽകി മത്സരിപ്പിച്ച പാർട്ടിയോടുള്ളതിനേക്കാളും സ്നേഹം സഹ കൗൺസിലർ തോമസ് പീറ്ററോട് ഉണ്ട് എന്ന പരിഹാസവും ഇവർ ഉയർത്തുന്നുണ്ട്.

പ്രതിസന്ധിയിലായി മുഖം നഷ്ടപ്പെട്ട് സിപിഐ

ഇടതുമുന്നണിയിൽ കേരള കോൺഗ്രസിനെതിരെ ഏറ്റവും ശക്തമായ വിമർശനം ഉയർത്തുന്ന പാർട്ടി സിപിഐ ആണ്. ഇങ്ങനെയുള്ളപ്പോൾ രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്ത കേരള കോൺഗ്രസ് നീക്കത്തിന് സ്വന്തം കൗൺസിലർ പിന്തുണ നൽകുന്നത് സിപിഐക്ക് കനത്ത തിരിച്ചടിയാണ്. പാർട്ടിയോട് കൂടിയാലോചനകൾ ഇല്ലാതെയാണ് സന്ധ്യയുടെ നീക്കം എന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് കൊണ്ടുവരുന്ന വിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

സന്ധ്യ വിദേശത്ത് പോയത് ഭർത്താവിനെ സന്ദർശിക്കാൻ അല്ല

പതിമൂന്നാം വാർഡ് കൗൺസിലർ ആർ സന്ധ്യ വിദേശത്തേക്ക് പോയത് അവിടെ ജോലി ചെയ്യുന്ന ഭർത്താവിന് സന്ദർശിക്കാൻ ആണെന്ന ക്യാപ്സൂളുകൾ ചില കേരള കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വിദേശത്ത് വെച്ച് താൻ ഒരിക്കൽ പോലും ഭർത്താവിനെ കണ്ടിട്ടില്ലെന്ന് ഇവർ ചില സഹ കൗൺസിലർമാരോട് വ്യക്തമാക്കിയിട്ടുള്ളതായി ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. യുകെയിലെ ഏതോ കെയർ ഹോമിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്യുകയാണെന്നാണ് സന്ധ്യ ഇതുവരെ അവകാശപ്പെട്ടിരുന്നത്. പതിനാലാം തീയതിയിലെ വോട്ടിംഗ് കഴിഞ്ഞാൽ ഉടനടി ഇവർ യു കെയ്ക് മടങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക