സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സ്പീക്കർ എഎൻ ഷംസീറിനും പിപി ദിവ്യക്കും ഇപി ജയരാജനും ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും വിമർശനം.കെകെ രമ എംഎല്‍എയുടെ മകൻ്റെ വിവാഹത്തില്‍ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിനെതിരെയുള്ള വിമർശനം.
പിപി ദിവ്യക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്.സ്പീക്കറിനെതിരായ വിമർശനത്തില്‍ ‘കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിപി ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഡിവൈഎഫ്‌ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നാണ് വിമർശനം ഉയർന്നത്. നേതാക്കള്‍ കരയൊപ്പിച്ച് മുണ്ടുടുത്ത് നടക്കുകയാണെന്നും ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമർശിച്ചു.
പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയ്ക്കെതിരെയും വിമർശനം ഉയർന്നു. ഇപി ജയരാജൻ പ്രകാശ് ജാവദേക്കറിനെ കണ്ടതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇപിക്ക് ഇത്തരം വീഴ്ചകള്‍ സംഭവിച്ചുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി പാർട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനം ഉയർന്നു. ജില്ലയിലെ പാർട്ടി ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചു. ഭരണഘടന സംരക്ഷണ സമിതി ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ. പലസ്തീൻ ഐക്യദാർഢ്യ സദസ്സും ഏകസിവില്‍ കോഡ‍് റാലിയും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും സമ്മേളനത്തില്‍ വിമർശനം ഉയർന്നു. തദ്ദേശവകുപ്പ് മന്ത്രിക്കെതിരെയും വിമർശനമുണ്ടായി. കെട്ടിടനികുതി വർധന ജനവിരുദ്ധമായി എന്നായിരുന്നു വിമർശനം.
വടകരയില്‍ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറി പി മോഹനൻ തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. പുതിയ ജില്ലാ സെക്രട്ടറിയായി വനിതാ നേതാവ് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. പി സതീദേവി, കെകെ ലതിക തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തിലുള്ളത്. എം ഗിരീഷ്, എം മെഹബൂബ്, കെകെ ദിനേശൻ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.
439 പ്രതിനിധികളും ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുഖ്യമന്ത്രി പിണറായി വിജയൻ എ വിജയരാഘവൻ എന്നീ പിബി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തില്‍ മുഴുവൻ സമയവും പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5,0000 ആളുകള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

















