ലോകത്തെല്ലായിടത്തും വലിയ രീതിയില്‍ ആസ്വാദകരുള്ള ഒന്നാണ് വെബ് സീരിസുകള്‍. പാശ്ചാത്യരാജ്യങ്ങളിലെ ഈ വെബ് സീരീസ് സംസ്കാരം മലയാളത്തിലും പ്രബലമായി തുടങ്ങിയത് കോവിഡാനന്തരമാണ്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ‘കേരളാ ക്രൈം ഫയല്‍സ്’ ആണ് മലയാള വെബ് സീരീസുകളുടെ ലോകത്ത് ശ്രദ്ധേയമായൊരു മുന്നേറ്റം കാഴ്ച വച്ച ആദ്യ വെബ് സീരീസ് എന്നു പറയാം.
തുടർന്ന് മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂണ്‍, 1000 ബേബീസ് എന്നിങ്ങനെ നിരവധി വെബ് സീരീസുകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രേക്ഷകരിലേക്ക് എത്തിച്ചു. മേനക, സോള്‍ സ്റ്റോറീസ് എന്നിവയായിരുന്നു മനോരമ മാക്സിന്റെ സീരിസുകള്‍. അടുത്തിടെ സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരീസായി ജയ് മഹേന്ദ്രനും റിലീസ് ചെയ്തു. മലയാളത്തില്‍ നിർമ്മിക്കപ്പെട്ട സീരീസ് അല്ലെങ്കിലും ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്ത പോച്ചറും വലിയ രീതിയില്‍ ജനപ്രീതി നേടുകയുണ്ടായി. ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്ബ് വേട്ടയുടെ കഥ പറയുന്ന പോച്ചറില്‍ മലയാളി താരങ്ങളായ നിമിഷ സജയൻ, റോഷൻ മാത്യു, കനി കുസൃതി, മാല പാർവ്വതി തുടങ്ങിയവരും അഭിനയിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒരുപിടി മലയാളം വെബ് സീരിസുകള്‍ റിലീസിനൊരുങ്ങുകയാണ്. ലവ് അണ്ടർ കണ്‍സ്ട്രക്ഷൻ, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2, ഫാർമ, അണലി എന്നിവയാണ് ഉടൻ സ്ട്രീമിംഗിന് ഒരുങ്ങുന്ന വെബ് സീരിസുകള്‍.
Love Under Construction OTT: ലവ് അണ്ടർ കണ്‍സ്ട്രക്ഷൻ
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസ് ആണ് ലവ് അണ്ടർ കണ്‍സ്ട്രക്ഷൻ. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കുമെന്നാണ് ഹോട്ട്സ്റ്റാർ അനൗണ്‍സ് ചെയ്തിരിക്കുന്നത്. അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സീരീസില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം- അതു രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസില്‍ പ്രമേയമാകുന്നത്. വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ഈ റോം കോം സീരീസ് നിർമിച്ചിരിക്കുന്നത്.
Pharma OTT: നിവിൻ പോളിയുടെ ഫാർമ
നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസാണ് ഫാർമ. പി. ആർ അരുണ്‍ ആണ് ഫാർമയുടെ തിരക്കഥയും സംവിധാനവും. പ്രമുഖ ബോളിവുഡ് താരം രജിത് കപൂര് സിരീസില് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
മൂവീ മില്‍സിന്റെ ബാനറില്‍ കൃഷ്ണൻസേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്സ് ബിജോയാണ് ഫാർമ്മയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഫാർമ’ നിർമ്മിച്ചിരിക്കുന്നത്. 55-മത് ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഫാർമ പ്രദർശിപ്പിച്ചിരുന്നു. അധികം വൈകാതെ ഈ സീരീസ് ഹോട്ട്സ്റ്റാറില്‍ പ്രദർശത്തിനെത്തും.
Kerala Crime Files, Season 2: കേരള ക്രൈം ഫയല്‍സ് സീസണ്‍ 2
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായ കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ സീസണായ കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കബീറിന്റെ പ്രൊഡക്ഷൻ കമ്ബനിയായ മങ്കി ബിസിനെസിന്റെ ബാനറിലാണ് ഈ വെബ് സീരീസ് ഒരുങ്ങുന്നത്.
ബാഹുല്‍ രമേഷാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുല്‍ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവ്വഹിക്കും. കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 അധികം വൈകാതെ റിലീസിനെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Anali OTT: അണലി
എബ്രഹാം ഓസ്ലർ എന്ന ജയറാം ചിത്രത്തിന്റെ ശേഷം മിഥുൻ മാനുവെല്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് അണലി. 2024 മാർച്ചിലാണ് ഈ വെബ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ലിയോണ ലിഷോയിയും നിഖില വിമലുമാണ് ഈ സീരിസിലെ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഷ്യവില്ലെ സ്റ്റുഡിയോസിന്റെ ബാനറിലാണ് വെബ് സീരീസ് ഒരുക്കുന്നത്. മിഥുനും ജോണ്‍ മന്ത്രിക്കലും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിക്കുന്നത്.
ANALI started rolling..!! Disney+ Hotstar Asiaville Malayalam John Manthrickal
Posted by Midhun Manuel Thomas on Thursday, March 7, 2024

















