സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കില്‍ കഴിഞ്ഞ ഏഴ് മാസമായി നിക്ഷേപകർക്ക് പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ നാളെ നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പട്ടിണി കഞ്ഞി സമരം.400 ഓളം പേർ നേമം പൊലീസില്‍ പരാതി നല്‍കുകയും എഫ്. ഐ. ആർ ഇടുകയും ചെയ്തതിന് പിന്നാലെയാണ് സമരം. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ നടപടി വൈകുന്നതിലാണ് പ്രതിഷേധം.

നിക്ഷേപ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് തല അന്വേഷണം നടക്കുകയാണെങ്കിലും അത് നീളുകയാണെന്ന് നിക്ഷേപകർ ആരോപിക്കുന്നത്. നിക്ഷേപകരില്‍ പലരുടെയും പെണ്‍മക്കളുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. കുട്ടികളുടെ തുടർപഠനം പാതിവഴിയില്‍ മുടങ്ങി. മരുന്ന് വാങ്ങുവാൻ പോലും നിവൃത്തി ഇല്ലാതെ പ്രായമായവർ നെട്ടോട്ടമൊടേണ്ടി വരുമെന്നാണ് നിക്ഷേപ കൂട്ടായ്മ കുറ്റപ്പെടുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിസന്ധിയിലാക്കിയ മുൻഭരണസമിതി തന്നെയാണ് ഇപ്പോഴും ബാങ്ക് ഭരിക്കുന്നത്‌. ദിനംപ്രതി ബാങ്കില്‍ അടവായി വരുന്ന ലോണിന്റെ പണം പോലും ഇവർ വേണ്ടപ്പെട്ടവർക്ക് നല്‍കി വരുന്നുവെന്നാണ് ആരോപണം. ബാങ്കിലെ നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാളെ രാവിലെ 10 മണി മുതല്‍ ഒന്ന് വരെ ബാങ്കിന് മുന്നില്‍ നൂറുകണക്കിന് സ്ത്രീകള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിക്ഷേപകർ പട്ടിണി കഞ്ഞി പാചകം ചെയ്ത് കഞ്ഞി കുടിച്ച്‌ സമരം ചെയ്ത് പ്രതിഷേധിക്കുന്നതെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കണ്‍വീനർ കൈമനം സുരേഷും പറഞ്ഞു.

അതേസമയം, നേമം സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ സെക്രട്ടറി നേമം സ്റ്റുഡിയോ റോഡ് നന്ദനത്തില്‍ ബാലചന്ദ്രൻനായരെ ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റുചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് ബാലചന്ദ്രൻ. മുൻ സെക്രട്ടറിയായിരുന്ന രാജേന്ദ്രനാണ് രണ്ടാം പ്രതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക