പെരുമ്ബാവൂരില്‍ പിടിയിലായ ബംഗ്ലാദേശി യുവതിയു ടേയും ആണ്‍ സുഹൃത്തിൻ്റേയും അറസ്റ്റ് രേഖപ്പെടുത്തി.ബംഗ്ലാദേശ് കുല്‍നാസദർ രുപ്ഷാവെരിബാദ് സ്വദേശിനി തസ്ലീമ ബീഗം (28 )ബീഹാർ നവാദ ചിറ്റാർകോല്‍ ഷാക്തി കുമാർ (32) എന്നിവരാണ് പെരുമ്ബാവൂർ പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടന്തറ ബംഗാള്‍ കോളനിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റിയിലെ വിവിധ ലോഡ്ജുകളിലെ താമസത്തിന് ശേഷം ബുധനാഴ്ചയാണ് കണ്ടന്തറയിലെത്തിയത്.
ഉടനെ ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തു. ഏജൻ്റ് മുഖാന്തിരമാണ് യുവതി അതിർത്തികടന്ന് ഇന്ത്യയിലേക്കെത്തിയത്. തുടർന്ന് വിവിധ സ്ഥലങ്ങളില്‍ കറങ്ങി ബംഗലൂരുവിലെത്തി. അവിടെ വച്ചാണ് ആണ്‍ സുഹൃത്തിനെ കണ്ടതെന്നാണ് യുവതി പറയുന്നത്.
തുടർന്ന് ഇവർ പല സ്ഥലങ്ങളിലും സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. ജില്ലയില്‍ ഇവർ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയില്‍ നിന്ന് വ്യാജ ആധാർ – പാൻ കാർഡുകള്‍ പോലീസ് കണ്ടെടുത്തു. ഇതും ഏജൻ്റ് ശരിയാക്കി നല്‍കിയതെന്നാണ് യുവതി പറയുന്നത്.
കഴിഞ്ഞ 5 മാസമായി ഇവർ കേരളത്തിലുണ്ടെന്നും പറയുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ജില്ലാ പോലീസ് ആസ്ഥാനത്ത് രണ്ട് പേരെയും ചോദ്യം ചെയ്‌തു. എൻ. ഐ. എ , ഇൻ്റലിജൻസ് ബ്യുറോ, എ.ടി.എസ് തുടങ്ങിയവരും ചോദ്യം ചെയ്തു. പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഇവർ എന്തിനാണ് പെരുമ്ബാവുർ എത്തിയതെന്നും, ഇവർക്ക് സഹായം ചെയ്തു നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ പി.എം റാസിഖ് , റിൻസ്.എം തോമസ്, ലാല്‍ മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൃത്യമായ രേഖകള്‍ വാങ്ങാതെ വീടുകള്‍ വാടകയ്‌ക്ക് നല്‍കുന്ന ഉടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

















