പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണാതായ മകന്‍ നാല് പതിറ്റാണ്ടിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.ബംഗ്ലാദേശില്‍ ‘ഇന്ത്യന്‍ ചാരന്‍’ എന്ന് സംശയിച്ച്‌ നാട്ടുകാര്‍ തടഞ്ഞുവെച്ച പശ്ചിമ ബംഗാള്‍ സ്വദേശി ലീപണ്‍ മണ്ഡല്‍ (സൈദുല്‍) ആണ് വൈകാതെ തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തുന്നത്. 41 വര്‍ഷമായി തന്റെ മകനെ കാത്തിരുന്ന വൃദ്ധയായ മാതാവിന് ഇത് ഒരു പുനര്‍ജന്മത്തിന്റെ വാര്‍ത്തയാണ്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ബംഗ്ലാദേശിലെ ഒരു ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന രീതിയില്‍ ലീപണിനെ നാട്ടുകാര്‍ കാണുന്നത്. ഇയാള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റാണെന്ന വ്യാജവാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ ഇയാളെ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പശ്ചിമ ബംഗാള്‍ ഹാം റേഡിയോ ക്ലബ് വിഷയത്തില്‍ ഇടപെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചോദ്യം ചെയ്യലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ലീപണ്‍, താന്‍ ധാക്ക സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണെന്നും യാത്രാരേഖകള്‍ ഉണ്ടെന്നുമൊക്കെ പരസ്പരവിരുദ്ധമായി സംസാരിച്ചു. ഇത് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു.

എന്നാല്‍ ഹാം റേഡിയോ ക്ലബ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചാരനല്ലെന്നും, 41 വര്‍ഷം മുമ്പ് ദക്ഷിണ്‍ ദിനാജ്പൂരിലെ ഹിലി അതിര്‍ത്തിയില്‍ നിന്ന് കാണാതായ സൈദുല്‍ ആണെന്നും സ്ഥിരീകരിച്ചു.

ഹാം റേഡിയോ പ്രവര്‍ത്തകര്‍ ലീപണിന്റെ വീട്ടിലെത്തുമ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബത്തെയാണ് കണ്ടത്. തന്റെ മകന്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത കേട്ട ലാലീഫ മണ്ഡല്‍ വികാരാധീനയായി.

‘എന്റെ മകന്‍ കുട്ടിക്കാലത്ത് വീടുവിട്ടുപോയതാണ്. അവന് സുഖമില്ല, അവനെ ഉപദ്രവിക്കരുത്. അവനെ എങ്ങനെയെങ്കിലും തിരികെ എത്തിക്കണം,’ എന്ന് അമ്മ വീഡിയോ സന്ദേശത്തിലൂടെ ലോകത്തോട് അപേക്ഷിച്ചു.

ബംഗ്ലാദേശിലെ രംഗ്പൂരിലുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ലീപണിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

നിലവില്‍ രംഗ്പൂരില്‍ ഹാം റേഡിയോ സമ്പര്‍ക്കത്തിലുള്ളവരുടെ സംരക്ഷണയിലാണ് ലീപണ്‍. ഔദ്യോഗിക നടപടിക്രമങ്ങളും രേഖകളും ശരിയായാല്‍ ഉടന്‍ തന്നെ ഇയാളെ അതിര്‍ത്തി കടത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ഹാം റേഡിയോ ക്ലബ് സെക്രട്ടറി അംബരീഷ് നാഗ് ബിശ്വാസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക